കുവൈറ്റില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, May 29, 2020

കുവൈറ്റ് സിറ്റി: ഞായറാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഹവല്ലി, ഖൈത്താന്‍, ഫര്‍വാനിയ, മൈതാന്‍ ഹവല്ലി എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ കര്‍ശന സുരക്ഷാ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി കോണ്‍ക്രീറ്റ് ബാരിയറുകള്‍ സ്ഥാപിച്ച് തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഈ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ ഫുഡ് ട്രക്കുകള്‍, ട്രാന്‍സ്‌പോര്‍ട്ട് ട്രക്കുകള്‍ തുടങ്ങിയവയുടെ പരിശോധന സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശക്തമാക്കി. എക്‌സിറ്റ് പെര്‍മിറ്റില്ലാത്തവരെ ഈ പ്രദേശങ്ങളില്‍ നിന്ന് ഒരു കാരണവശാലും പുറത്തുപോകാന്‍ അനുവദിക്കില്ല.

ഹവല്ലിയില്‍ ഫോര്‍ത്ത് റിംഗ് റോഡ്, ഫഹഹീല്‍ റോഡ്, മഗ്രെബ് ഹൈവേ, തേര്‍ഡ് റിംഗ് റോഡ്, കെയ്‌റോ റോഡ് എന്നിവയ്ക്ക് അഭിമുഖമായി കോണ്‍ക്രീറ്റ് ബാരിയറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഫര്‍വാനിയയില്‍ ഗസാലി റോഡ്, സിസ്ത് റിംഗ് റോഡ്, എയര്‍പോര്‍ട്ട് റോഡ്, ജോര്‍ദാന്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള വഴികളും അടച്ചു. ഖൈത്താനില്‍ എയര്‍പോര്‍ട്ട് റോഡിനും കിംഗ് ഫൈസല്‍ റോഡിനും അഭിമുഖമായി പ്രവേശകവാടങ്ങള്‍ അടയ്ക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

×