‘ടിപ്പ്’ നല്‍കും മുൻപ് ഒന്ന് ആലോചിക്കുക; ഈ രാജ്യങ്ങളില്‍ അവരെ അപമാനിക്കുന്നതിനു തുല്യം

author-image
admin
New Update

publive-image

Advertisment

മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുമ്പോൾ അവരുടെ സംസ്‌കാരവും രീതികളുമെല്ലാം അറിഞ്ഞിരിക്കുന്നതു ഗുണം ചെയ്യും. റസ്റ്ററന്റുകളിലും മറ്റും 10 മുതല്‍ 15 ശതമാനം വരെ ടിപ്പ് കൊടുക്കുന്നത് പല നാടുകളിലും സ്വാഭാവികമാണ്. ജീവനക്കാര്‍ അതു പ്രതീക്ഷിക്കുന്നുമുണ്ട്. അമേരിക്കയിലെ ആപ്പിള്‍ സ്റ്റോറിലുള്ള ജീവനക്കാര്‍ നിര്‍ബന്ധമായി ടിപ് വാങ്ങുന്നുവെന്ന വിവാദം അടുത്തിടെ വാര്‍ത്തയായിരുന്നു. അതേസമയം ജപ്പാനും സ്‌പെയിനും പോലുള്ള ചില രാജ്യങ്ങളില്‍ ടിപ്പ് നല്‍കുന്നത് ജീവനക്കാരെ അപമാനിക്കുന്നതിന് തുല്യമാണ്. ടിപ്പിന്റെ കാര്യത്തില്‍ ഇതാ ചില ടിപ്‌സ്.

 

ജപ്പാന്‍

publive-image

ലോകത്ത് വേറെയെങ്ങും കാണാത്ത പല സവിശേഷതകളുമുള്ള നാടാണ് ജപ്പാന്‍. നടന്നുകൊണ്ടു ഭക്ഷണം കഴിക്കുന്നത്, പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഉറക്കെ സംസാരിക്കുന്നത്, ചോപ്സ്റ്റിക് കൊണ്ടോ വിരലുകൊണ്ടോ അന്യര്‍ക്കു നേരെ ചൂണ്ടുന്നത്, പൊതുസ്ഥലത്ത് മൂക്കു ചീറ്റുന്നത് എന്നിവയെല്ലാം ജപ്പാനില്‍ വളരെ മോശം കാര്യമാണ്. ഈ കൂട്ടത്തിലുള്ളതാണ് ടിപ്പും. ടിപ്പ് നല്‍കുന്നത് മോശം കാര്യമായും അപമാനിക്കുന്നതുമൊക്കെയായിട്ടാണ് ജപ്പാന്‍കാര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും റസ്റ്ററന്റില്‍ നിങ്ങള്‍ ബില്ലിനൊപ്പം അധിക തുക വച്ചു പുറത്തു കടന്നാല്‍ പോലും പിന്നാലെ ഓടി വന്ന് ആ പണം തിരിച്ചേല്‍പിക്കുന്നത് ജപ്പാനില്‍ പുതുമയുള്ള കാര്യമല്ല.

ഈജിപ്ത്

publive-image

ഈജിപ്തിൽ ഏതെങ്കിലും കടയിലോ ടാക്‌സിയിലോ വച്ചോ ടൂര്‍ ഗൈഡില്‍ നിന്നോ ഹോട്ടല്‍ ബോയില്‍ നിന്നോ ഒക്കെ ‘ബക്ഷീഷ്’ എന്ന വാക്ക് നിങ്ങള്‍ കേള്‍ക്കാനിടയുണ്ട്. ടിപ്പ് എന്നാണ് ഇതിനര്‍ഥം. തെരുവില്‍ പലയിടത്തുനിന്നും ഈ വാക്ക് കേള്‍ക്കാനിടയുള്ളതുകൊണ്ട് ഭിക്ഷാടനവുമായി ബന്ധമുള്ളതായി കരുതേണ്ടതില്ല. ദാനമെന്ന അര്‍ഥം കൂടി ബക്ഷീഷിനുണ്ട്. ഇസ്‌ലാം മതത്തിലെ അഞ്ചു പ്രമാണങ്ങളില്‍ ഒന്ന് ദരിദ്രരെ സഹായിക്കലായതിനാല്‍ത്തന്നെ, ബക്ഷീഷ് ആവശ്യപ്പെടാന്‍ ഈജിപ്തുകാര്‍ മടിക്കാറില്ല. ഈജിപ്തിലെ റസ്റ്ററന്റ് ജോലിക്കാരും ടാക്‌സി ഡ്രൈവര്‍മാരും ടൂര്‍ ഗൈഡുകളും ഹോട്ടല്‍ ജോലിക്കാരും സുരക്ഷാ ജീവനക്കാരുമെല്ലാം ബക്ഷീഷ് ആവശ്യപ്പെടാറുണ്ട്. ഡോളറില്‍ ടിപ് നല്‍കുന്നതാണ് ഈജിപ്തുകാര്‍ക്ക് ഏറെയിഷ്ടം. കാരണം ഒരു ഡോളര്‍ 30 മുതല്‍ 40 വരെ ഈജിപ്ഷ്യന്‍ പൗണ്ടിന് തുല്യമെന്നതു തന്നെ.

ചൈന

publive-image

ആരും ആരുടെയും യജമാനനോ വേലക്കാരനോ അല്ലെന്നാണ് ചൈനയുടെ പൊതുചിന്താരീതി. അതുകൊണ്ടുതന്നെ ചൈനയില്‍ ടിപ്പ് നല്‍കുന്നതും സ്വീകരിക്കുന്നതും നല്ല കാര്യമായല്ല കരുതപ്പെടുന്നത്. എങ്കിലും കാലം മാറുകയും വിനോദ സഞ്ചാരം രാജ്യത്തെ പല നഗരങ്ങളുടെയും പ്രധാന വരുമാനമാര്‍ഗമാവുകയും ചെയ്തതോടെ സഞ്ചാരികളില്‍നിന്നു പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത് പുതുമയല്ലാതായിട്ടുണ്ട്. അതേസമയം ടിപ്പ് നിരസിക്കുന്ന വലിയൊരു വിഭാഗവും അവിടെയുണ്ട്. ഇക്കാര്യം ഉള്ളില്‍ വച്ചുകൊണ്ട് ശ്രദ്ധയോടെ വേണം ടിപ്പ് നല്‍കാന്‍.

അമേരിക്ക

publive-image

ടിപ്പ് നല്‍കുന്നത് സംസ്‌കാരത്തിന്റെ ഭാഗമായ നാടാണ് അമേരിക്ക. പലപ്പോഴും വിദേശ സഞ്ചാരികള്‍ക്ക് ഇത് ബുദ്ധിമുട്ടു സൃഷ്ടിക്കാറുമുണ്ട്. ബില്ലിന്റെ 20-25 ശതമാനം വരെ ടിപ്പ് പ്രതീക്ഷിക്കുന്നത് അമേരിക്കയിലെത്തുന്ന വിദേശികളെ മാത്രമല്ല നാട്ടുകാരെയും കുഴപ്പിക്കുന്ന പ്രശ്‌നമായി വളര്‍ന്നു കഴിഞ്ഞു. അടുത്തിടെയാണ് അമേരിക്കയില്‍ ആപ്പിള്‍ സ്റ്റോറുകളിലെ ജീവനക്കാര്‍ നിര്‍ബന്ധമായി ടിപ്പ് വാങ്ങുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. വ്യക്തികളുടെയോ സ്ഥാപനത്തിന്റ‌െയോ സേവനം ഇഷ്ടപ്പെട്ടാല്‍ അധികം പണം സന്തോഷത്തോടെ നല്‍കുന്നതും നിര്‍ബന്ധപൂര്‍വം ബില്ലിനൊപ്പം ടിപ്പ് പ്രതീക്ഷിക്കുന്നതും വ്യത്യസ്തമാണ്.

പലയിടങ്ങളിലും ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളമാണ് നല്‍കുന്നതെന്നും ഉപഭോക്താക്കളില്‍ നിന്നുള്ള ടിപ്പാണ് ശമ്പളക്കുറവ് പരിഹരിക്കുന്നതെന്നുമുള്ള ആരോപണമുണ്ട്. ജപ്പാനില്‍ ടിപ്പ് തിരികെ നല്‍കാന്‍ റസ്റ്ററന്റ് ജീവനക്കാരന്‍ നിങ്ങള്‍ക്കു പിന്നാലെ ഓടുമെങ്കില്‍ അമേരിക്കയില്‍ ടിപ്പ് നല്‍കാന്‍ മറന്നുപോയോ എന്നു ചോദിച്ചുകൊണ്ട് റസ്റ്ററന്റ് ജീവനക്കാരന്‍ നിങ്ങള്‍ക്കു പിന്നാലെ ഓടിയാലും അദ്ഭുതപ്പെടാനില്ല.

Advertisment