രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. യുഎസ് ഡോളർ സൂചിക തിരുത്തൽ നേരിടുന്നത് സ്വർണ വില താഴേക്ക് പോകാതെ പിടിച്ചു നിർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സമാപിച്ച ധനനയ യോഗത്തിൽ പലിശ നിരക്ക് വർധിപ്പിച്ചില്ലെങ്കിലും കർക്കശ നിലപാടിൽ അയവില്ലെന്ന സൂചന യുഎസ് ഫെഡറൽ റിസർവ് നൽകിയതും യുഎസ് സാമ്പത്തിക റിപ്പോർട്ടുകൾ നിക്ഷേപകർ ഉൾക്കൊണ്ടതാണ് ഡോളറിനെ ദുർബലമാക്കുന്നത്.
ഇതോടെ രാജ്യാന്തര വിപണിയിൽ (സ്പോട്ട്) സ്വർണ വില ഒരു ഔൺസിന് 1,957.84 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് ഗോൾഡ് ഫ്യൂച്ചർസ് 1,970.30 ഡോളർ നിലവാരത്തിലും നിൽക്കുന്നു. അതേസമയം ആഭ്യന്തര ഡെറിവേറ്റീവ് വിപണിയിലെ വെള്ളിയാഴ്ചത്തെ വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX), ഓഗസ്റ്റ് മാസതത്തിൽ എക്സ്പയറിയുള്ള ഗോൾഡ് ഫ്യൂച്ചർസ് കോൺട്രാക്ട് (10 ഗ്രാം, 24 കാരറ്റ്) 17 രൂപ നഷ്ടത്തോടെ 59,338 രൂപയിലാണ് ഓപ്പൺ ചെയ്തത്.
കേരളത്തിലെ ആഭരണ വിപണിയിൽ വെള്ളിയാഴ്ച സ്വർണ വിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിൽ (22 കാരറ്റ്) 320 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 44,080 രൂപയിലേക്ക് ഉയർന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ (22 കാരറ്റ്) വില 5,510 രൂപയിലേക്കും ഉയർന്നു. ഒരു ഗ്രാമിൽ ഇന്ന് 40 രൂപയുടെ വർധന.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സ്വർണ നിരക്ക് മൂന്ന് മാസക്കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,760 രൂപയായിരുന്നു വില. ജൂൺ മാസത്തിൽ ഇതുവരെയുള്ള സ്വർണത്തിന്റെ ഉയർന്ന വില 44,800 രൂപയാകുന്നു. ഇതിൽ നിന്നും 760 രൂപ താഴെയാണ് ഇന്നത്തെ വിലയുള്ളതെന്നതും ശ്രദ്ധേയം.
വെള്ളിയുടെ വില 77.50 രൂപയിൽ തുടരുകയാണ്. ഇതോടെ 8 ഗ്രാം വെള്ളിക്ക് 620 രൂപയും 10 ഗ്രാം വെള്ളിയുടെ വില 775 രൂപയും 100 ഗ്രാമിന് 7,750 രൂപയും 1 കിലോഗ്രാം വെള്ളിയുടെ നിരക്ക് 77,500 രൂപയിലും തുടരുന്നു.
അതേസമയം മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ, ജൂലൈ മാസത്തിൽ എക്സ്പയറിയുടെ സിൽവർ ഫ്യൂച്ചർസ് ഇന്നു നേട്ടത്തോടെയാണ് ഓപ്പൺ ചെയ്തിരിക്കുന്നത്. 164 രൂപ ഉയർന്ന് 72,290 രൂപയിലാണ് സിൽവർ ഫ്യൂച്ചർസ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, രാജ്യാന്തര വിപണിയിൽ (സ്പോട്ട്) ഒരു ഔൺസ് വെള്ളിയുടെ നിരക്ക് 23.8924 ഡോളർ നിലവാരത്തിൽ തുടരുന്നു.