വാക്കിന്റെ കുലപതിക്ക് ഇന്ന് 88ാം പിറന്നാള്‍ ! മലയാളിയുടെ ഹൃദയത്തില്‍ ഇടംപിടിച്ച മഹാനായ എഴുത്തുകാരന്‍ എംടി 88ന്റെ നിറവില്‍. ജീവിതങ്ങളെ അക്ഷരങ്ങളാക്കുന്നതിനൊപ്പം അഭ്രപാളികളിലൂടെ ജനമനസുകളില്‍ ആഴത്തില്‍ അടയാളപ്പെടുത്തിയ കഥാകാരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളികള്‍

New Update

publive-image

'' എന്റെ പിറന്നാളാണ്. ഓര്‍മ്മയുണ്ടായിരുന്നില്ല. അവളുടെ കത്തില്‍ നിന്ന് മനസിലാക്കുകയായിരുന്നു. ഭര്‍ത്താവിന് നന്മവരാന്‍ കഴിയുന്നതെല്ലാം ചെയ്യുന്ന ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍. പിറന്നാളിന്റെ സാമീപ്യത്തില്‍ പണ്ടെല്ലാം ആഹ്ലാദം തോന്നിയിരുന്നു. ഇപ്പോഴാകട്ടെ നേര്‍ത്ത വേദന.''

Advertisment

1956 ല്‍ പുറത്തിറങ്ങിയ 'നിന്റെ ഓര്‍മ്മയ്ക്ക്' എന്ന കഥാസമാഹാരത്തിലെ ഒരു പിറന്നാളിന്റെ ഓര്‍മ്മ എന്ന കഥയിലെ വരികളാണിത്. എംടിയുടെ ആത്മാംശം നിറയുന്ന വരികള്‍.

വാക്കിന്റെ കുലപതിക്ക് ഇന്ന് 88ആം പിറന്നാള്‍. വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരന്റെ പിറന്നാളാണ് ഇന്ന്. കര്‍മ്മ മേഖലകളിലെല്ലാം സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ അപൂര്‍വ്വ വ്യക്തിത്വമാണ് എംടി.

എത്രയെത്ര തലമുറകളുടെ സ്‌നേഹവും ആദരവും വാത്സല്യവും നേടിയ പ്രതിഭയാണ് അദ്ദേഹം. മലയാളത്തിന്റെ മഹാ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ 88ന്റെ നിറവിലാണിന്ന്. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജൂലൈ 15നും നക്ഷത്ര പ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയിലുമാണ് എംടിക്ക് പിറന്നാള്‍.

ജീവിതത്തില്‍ ഒരു പുസ്തകമെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ് എംടി എന്ന രണ്ടക്ഷരം. പരിചിതമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അക്ഷരങ്ങളാക്കിയും അഭ്രപാളികളിലൂടെ ജനമനസുകളില്‍ ആഴത്തില്‍ അടയാളപ്പെടുത്തിയും തലമുറകള്‍ നീളുന്ന അനുവാചകരെ സൃഷ്ടിച്ചും മലയാളിയുടെ സ്വകാര്യ അഹങ്കാരമായി എംടി എന്ന എം ടി വാസുദേവന്‍ നായര്‍ നമ്മുക്കിടയില്‍ തല ഉയര്‍ത്തിനില്‍ക്കുന്നു.

നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി സര്‍ഗാത്മകതയുടെ വ്യത്യസ്ത മേഖലകളില്‍ വ്യാപരിച്ച് മലയാളികളെ അത്ഭുതപ്പെടുത്തിയ മഹാ വ്യക്തിത്വമാണ് എംടി.

നാലുകെട്ട്, കാലം, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ് തുടങ്ങി എത്രയെത്ര അനശ്വര സൃഷ്ടികള്‍. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം ടി ചലച്ചിത്രലോകത്തെത്തുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അന്‍പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ എം.ടിയുണ്ടായിരുന്നു.

നിര്‍മ്മാല്യം, ബന്ധനം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 'നിര്‍മാല്യം' 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം മുതല്‍ ഒട്ടനവധി പുരസ്‌കാരങ്ങള്‍. 2005ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കിയും ആദരിച്ചു.

ഏഴുപതിറ്റാണ്ടിലേറെയായി മലയാളിയുടെ വായനയെ സമ്പന്നമാക്കിയ എഴുത്തുകാരന് ജന്മദിനാശംസകള്‍

NEWS
Advertisment