ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; ആത്മഹത്യാ പ്രവണതകൾ തിരിച്ചറിയാം, പ്രതിരോധിക്കാം

author-image
admin
Updated On
New Update

publive-image

Advertisment

സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്. വർധിച്ചുവരുന്ന ആത്മഹത്യകൾ ഒരു വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ലോകവ്യാപകമായി നോക്കുമ്പോൾ മരണത്തിന്റെ പ്രധാനപ്പെട്ട 20 കാരണങ്ങളിൽ ഒന്ന് ആത്മഹത്യയാണ്. ഒരു വർഷം എട്ടു ലക്ഷം മരണങ്ങൾ ആത്മഹത്യ കൊണ്ട് സംഭവിക്കുന്നുണ്ട്. ഓരോ 40 സെക്കൻഡിലും ഒരു ആത്മഹത്യ സംഭവിക്കുന്നു എന്നർത്ഥം.

ആത്മഹത്യാ ചിന്തകളെയും ആത്മഹത്യാശ്രമങ്ങളെയും പൂർത്തീകരിക്കപ്പെട്ട ആത്മഹത്യകളെ കുറിച്ചുള്ള കണക്കുകൾക്കൊപ്പം തന്നെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടിവരും. സംഭവിക്കുന്ന ഓരോ ആത്മഹത്യക്കും ഒപ്പം ഇരുപതിലധികം ആളുകള്‍ ആത്മഹത്യാ ശ്രമം നടത്തുന്നു എന്നാണ് കണക്ക്. അതിലും എത്രയോ കൂടുതൽ ആളുകൾക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടായിരിക്കുകയും ചെയ്യും.

മുമ്പ് ആത്മഹത്യാശ്രമം നടത്തിയ ആളുകൾ പിന്നീടുള്ള അവസരങ്ങളിൽ അത് പൂർത്തീകരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രവുമല്ല ആത്മഹത്യാ ചിന്തകൾ ഉള്ള വ്യക്തികൾ മിക്കപ്പോഴും ഇത്തരം ചിന്തകളെയും പ്രശ്നങ്ങളെയും കുറിച്ച് തങ്ങളുടെ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിക്കാറുണ്ട്.

പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉള്ള ആളുകൾ ഒരു സാമ്പ്രദായിക ചികിത്സാ സംവിധാനത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ ഒരു സമൂഹമെന്ന നിലയിൽ ആത്മഹത്യാ പ്രതിരോധത്തെക്കുറിച്ച് അറിവു നേടുകയും അത്തരം പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികളോട് ഇടപെടേണ്ട രീതികളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.

ആത്മഹത്യാ പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം ആയിരിക്കും അത്. ആത്മഹത്യാ പ്രതിരോധത്തിനായി കൂട്ടായി പ്രവർത്തിക്കണം എന്ന പ്രമേയത്തിന്റെ പ്രായോഗിക അർഥവും ഇതുതന്നെയാണ്. ഒരാളുടെ ആത്മഹത്യ അയാളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ഏകദേശം 135 ആളുകളെയെങ്കിലും തീവ്രമായ രീതിയിൽ മാനസികമായി ബാധിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്.

അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ കാര്യത്തിൽ മാത്രം ഇത് ഒരു വർഷം ഉണ്ടാക്കുന്ന ആഘാതം ഏകദേശം 11.5 ലക്ഷം ആളുകളെ ബാധിക്കുന്നു എന്ന് കരുതേണ്ടിവരും. അതുകൊണ്ടുതന്നെ ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യം കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്.

കോവിഡ് 19 വ്യാപനം ഉണ്ടാക്കുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക ഞെരുക്കവും വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാനസികസമ്മർദവും ആത്മഹത്യാ പ്രവണതയും വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ആത്മഹത്യാ പ്രതിരോധ കാര്യത്തിൽ സവിശേഷ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട് എന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആത്മഹത്യയിലേക്ക് നയിക്കുന്ന പെരുമാറ്റത്തെ നിർണയിക്കുന്നത് പല ഘടകങ്ങൾ ചേർന്നാണ്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവുമായ ഘടകങ്ങൾക്ക് ഇതിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യത്യസ്ത തലങ്ങളിലുള്ള ഇടപെടലുകൾ ആത്മഹത്യാ പ്രതിരോധത്തിനു ആവശ്യമായി വരാം.

ഒരു സുഹൃത്തായും സഹപ്രവർത്തകനായും അധ്യാപകനായും രക്ഷിതാവായും ആരോഗ്യ പ്രവർത്തകനായും അയൽക്കാരനുമായുമെല്ലാം ഒരു വ്യക്തിക്ക് മറ്റൊരാളെ സഹായിക്കാൻ സാധിക്കുന്ന ഒരു സന്ദർഭമാണിത്. അത്തരമൊരു ഇടപെടലിന് സന്നദ്ധമാവുക എന്നത് നിലവിലത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. അങ്ങനെ ഇടപെടണമെങ്കിൽ ആത്മഹത്യാ പ്രതിരോധവുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ വസ്തുതകളെക്കുറിച്ച് പ്രാഥമികമായ ഒരു ധാരണ ഉണ്ടാകേണ്ടതുണ്ട്. ഇടപെടൽ രീതികളുമായി ബന്ധപ്പെട്ട ശേഷികൾ ആർജ്ജിക്കുകയും വേണം.

ചില സമയങ്ങളിൽ, നേരിട്ടുള്ള ആശയവിനിമയം തന്നെയാണ് ഏറ്റവും മികച്ച മാർഗം. ആത്മഹത്യയെ കുറിച്ച് നേരിട്ട് ചോദിക്കുന്നത്, അതിന് പ്രോത്സാഹിപ്പിക്കലാകും എന്നൊരു തെറ്റിദ്ധാരണ ഉണ്ട്. ഇത് തീർത്തും തെറ്റാണ്. തീവ്രമായ വൈകാരിക വേദനയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായാണ് ആളുകൾ ആത്മഹത്യയെ ആശ്രയിക്കുന്നത് എന്ന് ആദ്യം മസിലാക്കുക.

അവർക്കൊപ്പം നിൽക്കുക. നിങ്ങൾക്ക് അവരോട് സ്നേഹമുണ്ടെന്നും അവരെ കേൾക്കാൻ തയ്യാറാണെന്നും ബോധ്യപ്പെടുത്തുക. കാര്യങ്ങൾ ശരിയാകുന്നില്ലെങ്കിലോ കൂടുതൽ മോശമാകുകയോ ചെയ്യുന്നെങ്കിൽ, ആ വ്യക്തി പ്രൊഫഷണൽ സഹായം തേടണമെന്ന് നിർദ്ദേശിക്കാൻ ഭയപ്പെടരുത്.

ഇതുവഴി മിക്ക ആളുകളുടേയും മാനസിക നില മെച്ചപ്പെടുകയും തെറ്റായ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ സാധിക്കുകയും ചെയ്യും.നമ്മിൽ ചിലർ ചിന്തിക്കുന്നു ആത്മഹത്യ പാപമാണെന്നും തീർത്തും ദുർബലമായൊരു വഴിയാണെന്നുമാണ്. നാമെല്ലാവരും മനുഷ്യരാണെന്നും നമുക്ക് പരിമിതികളുണ്ടെന്നും ഓർക്കുക. തടസ്സങ്ങൾ മറികടക്കാൻ പാലങ്ങൾ നിർമിക്കുക. ആർക്കെങ്കിലും വേണ്ടി ആ പാലമായി മാറുക.

Advertisment