Advertisment

ഇന്ന് മണ്ടേല ദിനം; കറുത്തവനും സ്വപ്നംകാണാൻ അവകാശമുണ്ടെന്ന് ലോകത്തെ പഠിപ്പിച്ച മണ്ടേലയുടെ ജന്മദിനമാണ് മണ്ടേല ദിനമായി ലോകമെങ്ങും ആചരിക്കുന്നത്

New Update

publive-image

Advertisment

ഇന്ന് മണ്ടേല ദിനം. വർണവിവേചനത്തിനെതിരെ ജീവിതാവസാനംവരെ സന്ധിയില്ലാ പോരാട്ടം നയിച്ച നെൽസൺ മണ്ടേലയുടെ ജന്മദിനമാണ് മണ്ടേല ദിനമായി ലോകമെങ്ങും ആചരിക്കുന്നത്. കറുത്തവന്റെ അടിസ്ഥാന അവകാശത്തിനായി ശബ്ദമുയർത്തിയതിന്റെ പേരിൽ സ്വന്തം നാട്ടിൽ ഭീകരനെന്ന് ചാപ്പകുത്തി 27 വർഷത്തെ തടവറവാസം അനുഭവിച്ചു മണ്ടേല.

പലപ്പോഴും ഏകാന്തതടവുകാരനായി. ഒരുവേള മണ്ടേല മരിച്ചെന്നുവരെ അഭ്യൂഹങ്ങളുയർന്നു. അപ്പോഴും മനുഷ്യാന്തസ്സിനെ ഉയർത്തിപ്പിടിക്കാനുള്ള ആ പോരാട്ടവഴിയിൽനിന്ന് പിന്നോട്ടില്ലെന്ന ദൃഢനിശ്ചയമായിരുന്നു മണ്ടേലയ്ക്ക്. ഒടുക്കം, ചരിത്രം അയാളെ കുറ്റവിമുക്തരാക്കി.

1994 ൽ തൊലിനിറം കറുത്തവനും തുല്യ അവകാശമുള്ള ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡന്റായി. തീർക്കാനും കൂട്ടാനും കണക്കുകൾ ഏറെ ഉണ്ടായിരുന്നിട്ടും അനുരഞ്ജനത്തിന്റെ പ്രവാചകനായി. ഗാന്ധിജിയായി മണ്ടേലയുടെ മാർഗദീപം.

1993 ലെ നൊബേൽ പുരസ്‌കാരം, ഇന്ത്യയുടെ ഭാരതരത്‌ന, അമേരിക്കയുടെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, സോവിയറ്റ് യൂണിയനിൻറെ ഓർഡർ ഓഫ് ലെനിൻ.. 300ലധികം രാജ്യാന്തര പുരസ്‌കാരങ്ങൾ മണ്ടേലയെ തേടിയെത്തി. കറുത്തവനും സ്വപ്നംകാണാൻ അവകാശമുണ്ടെന്ന് ലോകത്തെ പഠിപ്പിച്ച മണ്ടേലയുടെ ജന്മദിനം അന്താരാഷ്ട്ര മണ്ടേല ദിനമായി ആചരിക്കാൻ 2009 ലാണ് ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്.

ജീവിച്ചിരിക്കെ ഒരു വ്യക്തിയുടെ ദിനാചരണം നടത്തപ്പെടുന്ന അപൂർവതയ്ക്കാണ് അന്ന് ലോകം സാക്ഷ്യം വഹിച്ചത്. Long Walk to Freedom, സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട യാത്ര എന്നതാണ് ആത്മകഥയ്ക്ക് നെൽസൺ മണ്ടേല നൽകിയ പേര്.

2013 ഡിസംബർ അഞ്ചിന് ജീവിതത്തിൽനിന്ന് വിടപറഞ്ഞ നെൽസൺ മണ്ടേല എന്ന യുഗപുരുഷന്റെ 103 ാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള വിമോചന സ്വപ്നങ്ങൾക്ക് കരുത്തായി 12-ാം മണ്ടേല ദിനവും.

life style
Advertisment