നീതിക്കും സമാധാനത്തിനും വേണ്ടി ഒന്നിച്ചു നീങ്ങണം; ബീമാപള്ളി ജി.സി.സി. പ്രവാസി കൂട്ടായ്മ

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Sunday, May 31, 2020

ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ സഹകരണത്തോടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ബീമാപള്ളി നിവാസികളുടെ കൂട്ടായ്മകൾ സംഘടിപ്പിച്ച ഓൺലൈൻ സംഗമം പ്രത്യാശയും ആവേശവുമായി.


2019 മെയ് 23നു ബീമാപ്പള്ളിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ നേരിടാനെന്ന പേരിൽ അന്നത്തെ ഇടതു സർക്കാരിന്റെ പോലീസ്, ഒരു വിഭാഗത്തിന്റെ നേരെ മാത്രം വെടിവെപ്പ് നടത്തുകയും തുടർന്ന് ആറു പേരുടെ ജീവൻ പൊലിയുകയും നിരവധി പേർ ഇന്നും ജീവച്ഛവമായി കഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ, ആ സംഭവത്തിലെ ഇരകൾക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു ബീമാപള്ളി പ്രദേശത്തെ വിവിധ മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മകൾ ചേർന്ന് നടത്തിയ വീഡിയോ കോൺഫറൺസിങ് ഡിസ്കഷൻ പുതിയ അനുഭവമായി.

സൗദി അറേബ്യക്ക് പുറമെ, കുവൈത്ത്, ഖത്തർ, ദുബായ് എന്നിവിടങ്ങളിലുള്ള ബീമാപ്പള്ളി നിവാസികളുടെ സാംസ്‌കാരിക രാഷ്ട്രീയ കൂട്ടായ്മകളും സംഗമത്തിൽ പങ്കെടുത്തു. കോടിയേരിയുടെ പോലീസ് നടത്തിയ ഏകപക്ഷീയമായ നരനായാട്ടിൽ ഇരകൾക്കു നീതി ലഭിക്കാൻ നിയമപരമായി ഏതറ്റം വരെ പോവണമെന്നും അതിനായി അഭ്യുദയ കാംക്ഷികളുടെ സഹകരണം ലഭിക്കേണ്ടതുണ്ടെന്നും കൂട്ടായ്മ ചർച്ചയിൽ അഭിപ്രായമുയർന്നു.

ബീമാപ്പള്ളി പ്രദേശത്തുകാരുടെ ജീവൽപ്രശ്നങ്ങളിൽ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്ന പല വിഷയങ്ങളും വിവിധ പ്രദേശങ്ങളിൽ നിന്നും ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പ്രതിനിധികൾ ഉന്നയിച്ചു. വിദൂര ദേശങ്ങളിൽ ജോലി ചെയ്യുന്ന ബീമാപ്പളളി സമൂഹം മാറിയ കാലത്ത് നൂതന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഒറ്റ മനസ്സായി നിലനിൽക്കാനുമുള്ള പ്രതിജ്ഞയോടെയാണ് സംഗമത്തിന് സമാപനമായത്.

കൊറോണ വ്യാപനം മൂലമുള്ള ലോക്ക് ഡോണിലും കർഫ്യുവിലും രാഷ്ട്രീയ സാംസകാരിക വിദ്യാഭ്യാസ രംഗങ്ങളിലെ ഉന്നമനത്തിനും ബീമാപ്പള്ളി പ്രദേശത്തിന്റെ പുരോഗതിക്കും വേണ്ടി ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും സംഗമം സന്ദേശം നൽകി. സർക്കാരിൽ നിന്നും ലഭിക്കേണ്ട സഹായ പദ്ധതികളിൽപ്പോലും ബീമാപള്ളി പ്രദേശത്തുകാരോട് വിരോധം തീർക്കുന്ന വിധമാണ് ഭരണകൂടം പെരുമാറുന്നത്. നീതിപുലരാനും സമാധാന ജീവിതം നിലനിൽക്കാനും നീതിന്യായ സ്ഥാപനങ്ങളിൽ നിന്നും ഗുണപരമായ നടപടികൾ പ്രതീക്ഷിക്കുന്നുവെന്നും സംഗമം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അബ്ദുൽ ഗനി മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി ഉദ്ബോധന സന്ദേശം നൽകി. ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി ആശംസകളർപ്പിച്ചു. സിനാൻ ഫൈസൽ, മാഹിൻ, ജഹാംഗീർ, അമീൻ ശാഹുൽ ഹമീദ്, നവാസ് സയ്ദ്, ഫാറൂഖ്, അബ്ദുല്ല, ഫിറോസ് മാഹിൻ, നിസാം, ശഫീഖ്, ശരീഫ്, ഖാജാ, ഹക്കീം, ബാദുഷ, മുഹമ്മദ് അലി, ഇബ്രാഹിം യാസിർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രോഗ്രാം കോഓർഡിനേറ്റർ റാഫി ബീമാപ്പള്ളി, അബ്ദുൽ റഷീദ് ബീമാപ്പള്ളി, നജീബ് ബുർഹാനി എന്നിവർ നേതൃത്വം നൽകി.

×