Advertisment

ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല  സുഖവാസകേന്ദ്രം; മൂന്നാറിലൊന്ന് പോയി വന്നാലോ...

പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിനെ കൂടുതല്‍ സുന്ദരിയാക്കുന്നത്.

author-image
നീനു മാത്യു
Nov 19, 2023 14:59 IST
New Update
5666

എവിടെങ്കിലും പോയൊന്ന് ചുറ്റിക്കറങ്ങി വരാമെന്ന് ചിന്തിക്കുമ്പോഴേ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടവരുന്ന കേരളത്തിലെ പ്രധാന സ്ഥലങ്ങളില്‍ ഒന്നാകും മൂന്നാര്‍. ഇവിടേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണവും കുറവൊന്നുമല്ല.

Advertisment

 മഞ്ഞും കുളിരും പ്രകൃതിഭംഗിയുമെല്ലാം പുണര്‍ന്നു കിടക്കുന്ന മൂന്നാറിലേക്ക് കാലാവസ്ഥ പോലും വകവയ്ക്കാതെ സഞ്ചാരികള്‍ ഒഴുകിയെത്താറുണ്ട്. കണ്ണൊത്താദൂരത്തോളം തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോകുന്ന പാതകള്‍...തീരില്ല വിശേഷണങ്ങള്‍ അല്ലേ....മൂന്നാറില്‍ പോയി അടിച്ചുപൊളിച്ച് വന്നാല്‍ മാത്രം മതിയോ..? മൂന്നാറിനെക്കുറിച്ച് ഒന്നു വിശദമായി അറിയുക കൂടി ചെയ്താലോ...

പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിനെ കൂടുതല്‍ സുന്ദരിയാക്കുന്നത്.  പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയും മൂന്നാറിന് മറ്റൊരിടത്തുമില്ലാത്ത പ്രശസ്തിയും നേടിക്കൊടുക്കുന്നു. 

മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. അതുകൊണ്ടുതന്നെ 'മൂന്നാര്‍' എന്നൊരു പേരും സ്വന്തമായി. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. 2018-ലായിരുന്നു അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. ഇനി 2030-ല്‍ ഈ കുറിഞ്ഞി പുഷ്പിക്കല്‍ കാണാം. തെക്കേയിന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടിയും (2695 മീറ്റര്‍) മൂന്നാറിനടുത്താണ്. 

ആനമുടി

ഇരവികുളം ദേശീയോദ്യാനത്തിന് ഉള്ളിലാണ് പശ്ചിമഘട്ടങ്ങളിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. 2700 മീറ്ററോളം ഉയരമുണ്ട് ഇതിന്. വനം വകുപ്പിന്റെ അനുമതിയോടെ ആനമുടിയിലേക്ക് ദീര്‍ഘദൂര നടത്തത്തിന് അനുമതിയുണ്ട്. 

ഇരവികുളം ദേശീയോദ്യാനം

സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും പ്രധാന കേന്ദ്രമാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശം നേരിടുന്ന വരയാടിനെ സംരക്ഷിക്കാനുള്ള പ്രത്യേക സംരക്ഷിത മേഖലയാണിത്. 97 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ സംരക്ഷിത വനമേഖലയ്ക്ക്. 

ടീ മ്യൂസിയം

തേയില തോട്ടങ്ങളുടെ ആരംഭവും വളര്‍ച്ചയും കണക്കിലെടുത്ത് ടാറ്റാ ടീയാണ് തോട്ടങ്ങളുടെ ഉദ്ഭവവും വളര്‍ച്ചയും രേഖപ്പെടുത്തുന്ന ടീ മ്യൂസിയം ആരംഭിച്ചത്. മൂന്നാറിലെ ടാറ്റാ ടീയുടെ നല്ലതണ്ണി എസ്റ്റേറ്റിലാണ് ഈ മ്യൂസിയം. 

പള്ളിവാസല്‍

മൂന്നാറില്‍ നിന്ന് മൂന്നു കി. മീറ്റര്‍ താഴെയാണ് ചിത്തിരപുരത്തെ പള്ളിവാസല്‍. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഇവിടെയാണ്. ഒട്ടേറെ റിസോര്‍ട്ടുകള്‍ ഇവിടെയുണ്ട്. 

മാട്ടുപ്പെട്ടി

മൂന്നാര്‍ ടൗണില്‍ നിന്ന് 12 കി. മീറ്റര്‍ അകലെയാണ് മാട്ടുപ്പെട്ടി. 1700 മീറ്റര്‍ ഉയരത്തിലുള്ള മാട്ടുപ്പെട്ടിയില്‍ പഴയ അണക്കെട്ടും വലിയ ജലാശയവുമുണ്ട്. ഈ തടാകത്തില്‍ ബോട്ടിംഗിനും സൗകര്യങ്ങളുണ്ട്.  ഇന്‍ഡോ-സ്വിസ്സ് പദ്ധതി പ്രകാരം നടക്കുന്ന കന്നുകാലി പ്രജനന കേന്ദ്രവും ഇവിടെയാണ്. ഉയര്‍ന്ന പാലുല്പാദന ശേഷിയുള്ള പശുക്കള്‍ ഇവിടെയുണ്ട്. 

ചിന്നക്കനാലും ആനയിറങ്കലും

പവര്‍ ഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ചിന്നക്കനാല്‍ മൂന്നാറിനടുത്താണ്. കടല്‍ നിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലാണ് ഈ വെള്ളച്ചാട്ടം. ചിന്നക്കനാലില്‍ നിന്നു 7 കി. മീറ്റര്‍ യാത്ര ചെയ്താല്‍ ആനയിറങ്കല്‍ എത്താം. തടാകവും ഒരു അണക്കെട്ടുമുണ്ട്. ആന ഉള്‍പ്പെടെ വന്യമൃഗങ്ങളെയും കാണാം. 

ടോപ് സ്റ്റേഷന്‍

മൂന്നാറില്‍ നിന്ന് 32 കി. മീ. അകലെയാണ് ടോപ്സ്റ്റേഷന്‍. മൂന്നാര്‍ - കൊഡൈക്കനാല്‍ റോഡില്‍ സമുദ്ര നിരപ്പില്‍ നിന്നും 1700 മീറ്റര്‍ ഉയരെയാണ് ഈ സ്ഥലം.  ടോപ്സ്റ്റേഷനില്‍ നിന്ന് കൊഡൈക്കനാല്‍ വരെ നീളുന്ന നടപ്പാതയുണ്ട്.

 

Advertisment