/sathyam/media/media_files/2026/01/18/land-scape-2026-01-18-15-46-07.jpg)
തിരുവനന്തപുരം:കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയെയും സംസ്കാരത്തെയും പ്രദര്‍ശിപ്പിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫോട്ടോ എക്സിബിഷന്‍ 'ലെന്‍സ്കേപ്പ് കേരള'യ്ക്ക് ജനുവരി 20 ന് ന്യൂഡല്‍ഹിയില്‍ തുടക്കമാകും. രാജ്യത്തെ 10 പ്രധാന നഗരങ്ങളിലായി രണ്ടര മാസത്തോളം നീളുന്ന പ്രദര്‍ശനം ന്യൂഡല്‍ഹിയിലെ ട്രാവന്‍കൂര്‍ പാലസ് ആര്‍ട്ട് ഗാലറിയില്‍ ജനുവരി 20 ന് വൈകുന്നേരം 4.30 ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ 10 പ്രമുഖ ട്രാവല്‍, മീഡിയ ഫോട്ടോഗ്രാഫര്‍മാരുടെ 100 ചിത്രങ്ങളാണ് എക്സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ന്യൂഡല്‍ഹിയില്‍ മൂന്ന് ദിവസമാണ് പ്രദര്‍ശനം. തുടര്‍ന്ന് വിവിധ നഗരങ്ങളിലായി തുടരുന്ന പ്രദര്‍ശനം മാര്‍ച്ച് 31 ന് സൂറത്തില്‍ അവസാനിക്കും.
കേരളത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ ഭൂപ്രകൃതി, സംസ്കാരം, സവിശേഷതകള്‍ എന്നിവ കൂടി പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്കു മുന്നിലെത്തിക്കും. ചിത്രപ്രദര്‍ശനത്തില്‍ പങ്കാളികളായ ഫോട്ടോഗ്രാഫര്‍മാര്‍ അഞ്ച് ദിവസം കേരളത്തിന്‍റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് 'ലെന്‍സ്കേപ്പ് കേരള'യില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന്‍റെ പ്രകൃതി, വന്യജീവി, പൈതൃകം, ഗ്രാമീണ, തീരദേശ ജീവിതം, വാസ്തുവിദ്യ, ഉത്സവങ്ങള്‍, ആത്മീയത തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ ഫോട്ടോഗ്രാഫിക് ടൂര്‍.
പ്രമുഖ ആര്‍ട്ട് ക്യൂറേറ്ററും നിരൂപകയുമായ ഉമാ നായരാണ് പ്രദര്‍ശനത്തിന്‍റെ ക്യൂറേറ്റര്‍. പ്രശസ്ത വന്യജീവി സംരക്ഷണ ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവനാണ് ഫോട്ടോഗ്രാഫി ഡയറക്ടര്‍.
കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യവും ബഹുസ്വരതയും അടയാളപ്പെടുത്തുന്നതാണ് രാജ്യമെമ്പാടുമായി നടത്തുന്ന ലെന്‍സ്കേപ്പ് കേരള എക്സിബിഷനെന്ന് മന്ത്രി റിയാസ് പറഞ്ഞു. വനങ്ങള്‍, മലകള്‍, കായലുകള്‍, ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ ടൂറിസം ആകര്‍ഷണങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന കേരളത്തിന്‍റെ പ്രത്യേകതയെ കുറിച്ച് സഞ്ചാരികള്‍ക്ക് ധാരണ നല്‍കുന്നതായിരിക്കും ഈ പ്രദര്‍ശനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമീപ വര്‍ഷങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സുസ്ഥിര ടൂറിസം ലക്ഷ്യസ്ഥാനം എന്ന നിലയിലുള്ള കേരളത്തിന്‍റെ പ്രത്യേകതയ്ക്ക് പുറമേ ആകര്‍ഷകവും പുറത്തേക്ക് അധികം അറിയപ്പെടാത്തതുമായ ടൂറിസം ആകര്‍ഷണങ്ങളിലും സ്ഥലങ്ങളിലും അനുഭവങ്ങളിലും പ്രദര്‍ശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വിനോദസഞ്ചാരികള്‍ നവീനവും വൈവിധ്യമാര്‍ന്നതുമായ അനുഭവങ്ങള്‍ തേടുന്ന അവസരത്തില്‍ ലെന്‍സ്കേപ്പ് ഫോട്ടോ എക്സിബിഷനിലൂടെ കേരളം പുതിയൊരു പ്രചാരണ സംരംഭത്തിന് തുടക്കമിടുകയാണെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന സവിശേഷതകളെ കുറിച്ച് പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് സമഗ്രമായ അറിവ് നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിട്ടാണ് ഫോട്ടോഗ്രാഫര്‍മാര്‍ കേരളം സന്ദര്‍ശിച്ചത്. ഐശ്വര്യ ശ്രീധര്‍, അമിത് പശ്രിച്ച, എച്ച് സതീഷ്, കൗന്തേയ സിന്‍ഹ, മനോജ് അറോറ, നടാഷ കര്‍ത്താര്‍ ഹേംരജനി, സൈബാല്‍ ദാസ്, സൗരഭ് ചാറ്റര്‍ജി, ശിവാങ് മേത്ത, ഉമേഷ് ഗോഗ്ന എന്നിവരുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ പ്രദര്‍ശനം വിനോദസഞ്ചാരികളോടുള്ള കേരള ടൂറിസത്തിന്‍റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ആകര്‍ഷകമായ ഫോട്ടോകളിലൂടെ കേരളത്തിലെ സവിശേഷമായ നിരവധി സ്ഥലങ്ങളും അനുഭവങ്ങളും അവര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. കേരള ടൂറിസത്തില്‍ നിന്നുള്ള മറ്റൊരു നൂതനമായ പദ്ധതിയാണ് ലെന്‍സ്കേപ്പ് കേരള. ഇത് സഞ്ചാരികളെ നേരിട്ട് ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വഡോദര (ജനുവരി 27-29), അഹമ്മദാബാദ് (ഫെബ്രുവരി 3-5), മുംബൈ (ഫെബ്രുവരി 12-14), പൂനെ (ഫെബ്രുവരി 18-20), ബെംഗളൂരു (ഫെബ്രുവരി 27-മാര്‍ച്ച് 1), ചെന്നൈ (മാര്‍ച്ച് 4-7), ഹൈദരാബാദ് (മാര്‍ച്ച് 12-14), കൊല്‍ക്കത്ത (മാര്‍ച്ച് 22-24), സൂറത്ത് (മാര്‍ച്ച് 29-31) എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us