ഇടുക്കി: കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ സ്വാരാജിൽ നിന്നു മൂന്നരക്കിലോമീറ്റർ സഞ്ചരിച്ചാൽ പാമ്പാടിക്കുഴിയിൽ എത്താം. ഇവിടെനിന്ന് ഒന്നരക്കിലോ മീറ്റർ നടന്നാൽ പാമ്പാടിക്കുഴി വ്യൂ പോയിന്റിലെത്താം. 360 ഡിഗ്രിയിലും കണ്ണംഞ്ചിപ്പിക്കുന്ന കാഴ്ച്ചകളാണ് പാമ്പാടിക്കുഴിയുടെ പ്രത്യേകത.
ഡാം ജലനിരപ്പിൽനിന്നു 5000 അടിയോളം ഉയരത്തിലാണ് വ്യൂപോയിന്റ്. ഇടുക്കി റിസർവോയർ,അഞ്ചുരുളി വെള്ളച്ചാട്ടം, ആദിവാസി മേഖലകളായ കണ്ണംപടി,മേമാരിക്കുടി തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരക്കാഴ്ച്ചകളും ആസ്വദിക്കാനാകും.
വിദേശ ടൂറിസ്റ്റുകളെ ഉൾപ്പടെ ആകർഷിക്കുവാൻ ജില്ലാ പഞ്ചായത്ത് ഹട്ടുകൾ നിർമിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പായില്ല.പാമ്പാടിക്കുഴിയിലെ ചതുപ്പ് പ്രദേശത്ത് ജലസാന്നിധ്യമുള്ളതിനാൽ കാട്ടാനകൾ ഉൾപ്പടെയുള്ള മൃഗങ്ങൾ വെള്ളംകുടിക്കാനെത്തുന്ന അപൂർവ കാഴ്ച്ചയും കാണാനാകും.
ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടവും ഒപ്പം വനം വകുപ്പും മുൻകൈയെടുത്താൽ മികച്ചൊരു ഇക്കോ ടൂറിസം ഹബാക്കി പാമ്പാടിക്കുഴിയെ മാറ്റാനാകും.