-ടോം കുളങ്ങര
/sathyam/media/post_attachments/LJzzUh6sDqx0EFIeJEjs.jpg)
പ്രാതൽ കഴിഞ്ഞയുടനെ താമസിച്ച ഹോട്ടലിനോട് വിടപറഞ്ഞു. ഞങ്ങളുടെ അടുത്ത ലക്ഷ്യം മനോഹരമായ വെർസാസ്ക താഴ്‌വരയാണ്. ആതിഥേയനും വഴികാട്ടിയുമായ ആന്റണി പനയ്ക്കൽ എത്തിയതോടെ മൂന്നു കാറുകളിലായ് ഞങ്ങൾ താഴ്‌വരയിലേയ്ക്ക് യാത്ര തിരിച്ചു.
/sathyam/media/post_attachments/XYBvugqBLH453U6H3ogE.jpg)
വഴിയോരക്കാഴ്ചകൾ അതിമനോഹരമാണ്. വളഞ്ഞും പുളഞ്ഞും പോകുന്ന മലമ്പാതകൾ, തുരങ്കങ്ങൾ, മജോറേ തടാകത്തിന്റെ കുളിർമ്മയുള്ള ദൃശ്യങ്ങൾ, മലഞ്ചെരുവിൽ വരിവരിയായി നിൽക്കുന്ന മുന്തിരിത്തോട്ടങ്ങൾ മനം മയക്കുന്ന പ്രകൃതിയിലെ വൈരുദ്ധ്യ സൗന്ദര്യക്കാഴ്ച്ചകൾ കണ്ടപ്പോൾ ചെറുപ്പത്തിലെന്നോ വിനോദയാത്രയ്ക്ക് പോയ കുട്ടികളായി ഞങ്ങൾ മാറി.
/sathyam/media/post_attachments/wxmXcJJ4gF957etfWme5.jpg)
കണ്ടു തീരുന്നതിനു മുൻപേ പിന്നിലോട്ട് മറയുന്ന ദൃശ്യങ്ങളും, തുരങ്കങ്ങളും കടന്ന് ഇടയ്ക്കിടയ്ക്ക് പെയ്യുന്ന ചാറ്റൽ മഴയിൽ നനഞ്ഞും, തണുത്ത കാറ്റിനൊപ്പം തുള്ളിച്ചാടിയും താഴ്‌വരയിൽ ഞങ്ങൾ എത്തിയപ്പോൾ അവിടെ വിനോദ സഞ്ചാരികൾ വന്ന് തുടങ്ങുന്നതേയുള്ളൂ.
/sathyam/media/post_attachments/6kt3wpj4K6ScRXm4mzE3.jpg)
സീസൺ ഏതായാലും, കാലാവസ്ഥ എന്തായാലും സ്വിറ്റ്സർലണ്ടിന്റെ ഭൂപ്രകൃതി ദൃശ്യങ്ങൾ (Land scape) സഞ്ചാരികൾക്ക് മനോഹരവും ആകർഷകവുമാണ്. ഇറ്റലിയുമായി അതിർത്തിയും ഭാഷയും പങ്കിടുന്ന സ്വിറ്റ്ലാൻഡിലെ തെക്കൻ സംസ്ഥാനമാണ് ടെസ്സിൻ.
/sathyam/media/post_attachments/RFVML4lQ3g9TZJnpHTJG.jpg)
ഈ സംസ്ഥാനത്തിൽ ലൊക്കാർണോ ജില്ലയിൽ മരതക കാന്തിയിൽ മുങ്ങി കരളും മിഴിയും കവർന്ന് മിന്നി കാല്പനികതയും സാഹസികതയും സമ്മേളിക്കുന്ന മാന്ത്രിക താഴ്‌വരയാണ് വെർസാസ്ക താഴ്‌വര.
/sathyam/media/post_attachments/i3w4yvVs6jGyC1u9fxFE.jpg)
2864 മീറ്റർ ഉയരമുള്ള പിസ്സോ ബറോൺ പർവ്വത ഹിമാനികളിൽ നിന്നും ഉത്ഭവിച്ച് വെർസാസ്കയിലൂടെ ഒഴുകി ഇറ്റലിക്കും സ്വിറ്റ്സർലണ്ടിനുമിടയിലുള്ള ലാഗോ മജോറേയിൽ ചെന്നു ചേരാൻ നദി എടുക്കുന്ന ദൂരം വെറും മുപ്പത് കിലോമീറ്റർ മാത്രം.
/sathyam/media/post_attachments/2cNKkOFEWhA1irH9zB9H.jpg)
ഇറ്റാലിയൻ ഭാഷയിൽ ലാഗോ എന്നാൽ Lake എന്നും, മജോറേ എന്നാൽ മേജർ എന്നുമാണ് അർത്ഥം. തെക്കൻ സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ തടാകവും, ഇറ്റലിയിലെ രണ്ടാമത്തെ വലിയതടാകവുമാണിത്.
/sathyam/media/post_attachments/9emLBtoDLltJgyRi3mRy.jpg)
കാനനഛായയിലെ പാറക്കെട്ടുകൾക്കിടയിലൂടെ പ്രകൃതിദത്തമായ സൗന്ദ്യരത്തോടെ ഒഴുകുന്ന ഈ നദിയിലെ ജലത്തിന് നല്ല പച്ച നിറത്തിനൊപ്പം സുതാര്യതയുമുണ്ട്. വെള്ളത്തിന്റെ അടിഭാഗം വരെ വെളിച്ചം എത്തുന്നതുകൊണ്ട് പുഴയുടെ അടിത്തട്ടിലുള്ള വർണ്ണാഭമായ കല്ലുകൾവരെ വളരെ തെളിമയോടെ കരയിൽ നിന്നാൽ നമുക്ക് കാണാം.
/sathyam/media/post_attachments/Zr3D9jF6KEnEnJrtcrYR.jpg)
ശുദ്ധമായ വെർസാസ്ക നദിയിലെ വെള്ളം കണ്ടാൽ ആർക്കും ഒന്ന് ചാടി കുളിക്കാൻ തോന്നും. പക്ഷേ ഏറ്റവും ചൂടുള്ള കാലാവസ്ഥയിൽ പോലും നദിയിലെ വെള്ളത്തിന്റെ താപനില പത്ത് ഡിഗ്രിയിൽ കൂടില്ല. മാത്രമല്ല വെള്ളത്തിനടിയിലെ ശക്തമായ അടിയൊഴുക്കുകൾ അപകടത്തിന് കാരണമാകാറുണ്ട്.
/sathyam/media/post_attachments/Zve5o2iRARY1KiyEafQk.jpg)
പതിനഞ്ച് മീറ്ററാണ് നദിയിലെ ഏറ്റവും കൂടിയ ആഴം. കുളിക്കാൻ ഇറങ്ങുന്നവർക്കായ് മുന്നറിയിപ്പ് ബോർഡുകൾ പുഴയുടെ തീരത്ത് പലയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. വഴുതുന്ന പാറക്കല്ലുകളും ഐസുപോലെ തണുത്ത ജലവും പതിയിരിക്കുന്ന പ്രവാഹങ്ങളും ഉള്ളതുകൊണ്ട് അതീവ ജാഗ്രതയോടെ വേണം വെള്ളത്തിലിറങ്ങാനും കുളിക്കുവാനും.
/sathyam/media/post_attachments/SnvHGQGInd10f6Yx3FWN.jpg)
സ്കൂബാ ഡൈവിംഗുകാരുടെ പറുദീസയാണ് ഈ നദി. രശ്മീപാരകമായ തെളിഞ്ഞ ജലമായതുകൊണ്ട് ഡൈവിംഗുകാർക്ക് ആഴത്തിൽ നിന്നും അതിശയകരമായ ചിത്രങ്ങൾ എടുക്കാൻ സാധിക്കും.
/sathyam/media/post_attachments/hlZp9nR6J70EH61q9Djx.jpg)
ജലം ഇത്ര ശുദ്ധമായിരിന്നിട്ടും ഈ നദിയിൽ സസ്യജന്തുജാലങ്ങൾ അധികം ഇല്ലെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ജലത്തിന്റെ വർദ്ധിച്ച അസിഡിറ്റി കാരണമാണെന്ന് പറയുമ്പോൾ തന്നെ, 2009 ൽ നടത്തിയ പഠനങ്ങൾ പറയുന്നത് നദിയിലെ ജലത്തിന്റെ PH സാധാരണമാണെന്നാണ്. അപ്പോൾ നദിയിൽ സസ്യജന്തുജാലങ്ങൾ വാഴാത്തതെന്താണെന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴും അജ്ഞാതമായി തുടരുന്നു.
/sathyam/media/post_attachments/hAxBdNLVZBlRz2CZ1Lau.jpg)
പുരാതന കാലത്തിന്റെ ഓർമ്മകൾക്ക് നിറം പകരുന്ന ശില്പ ചാതുര്യത്തിന്റെ മകുടോദാഹരണങ്ങളായി പതിനാറാം നൂറ്റാണ്ടിൽ പണികഴിച്ചപ്പിച്ച കല്ലുപാലങ്ങൾ, കെട്ടിടങ്ങൾ എന്നിവ ഇന്നും കേടുകൂടാതെ ഇവിടെ നിലനിർത്തിയിരിക്കുന്നു. മരുഭൂമിയ്ക്ക് നടുവിൽ തിളങ്ങുന്ന വലിയ ഒരു മരതകരത്നത്തെപ്പോലെയാണ് മലകൾക്കിടയിൽ മരതക കാന്തിയിൽ മുങ്ങിക്കുളിച്ച് മിന്നിത്തിളങ്ങുന്ന വെർസാസ്ക താഴ്‌വരയും.
/sathyam/media/post_attachments/a3E8hGXDQ5lxg60lgWD4.jpg)
ഇത്ര മനോഹാരിതയോടെ തിളങ്ങുന്ന മറ്റൊരു മനോഹര താഴ്‌വര ഈ ഭൂലോകത്ത് വേറെയുണ്ടോയെന്നതും സംശയമാണ്. ഈ മലയടിവാരവും, അവിടത്തെ പല വലിപ്പത്തിലും ആകൃതിയിലുമുള്ള വർണ്ണപ്പകിട്ടാർന്ന പാറകളും അതിലൂടെ കുണുങ്ങിക്കുണുങ്ങി ഒഴുകിക്കൊണ്ടിരിക്കുന്ന കുളിരുള്ള നദിയും ധാരാളം വിനോദസഞ്ചാരികളെ ആകർഷിച്ചുകൊണ്ട് ഇനിയുമിനിയും ഒഴുകട്ടെ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us