കേരളം

സംസ്ഥാനത്ത് കഴിഞ്ഞ 52 ദിവസം നീണ്ട ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും; തൊഴിലാളികള്‍ അവസാനവട്ട ഒരുക്കത്തില്‍, ഹാര്‍ബറുകളില്‍ കടുത്ത നിയന്ത്രണം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, July 31, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 52 ദിവസം നീണ്ട ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇതോടെ കുതിച്ചുയർന്ന മീൻവില കുത്തനെ താഴുമെന്നാണ് പ്രതീക്ഷ.

കൊവിഡ് കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്തെ ഹാർബറുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ യാനങ്ങള്‍ക്ക് മാത്രമാണ് അനുമതി.

എല്ലാ യന്ത്രവത്കൃത ബോട്ടുകളും ഒറ്റ,ഇരട്ട അക്ക രജിസ്‌ട്രേഷന്‍ നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ ഹാര്‍ബറില്‍ പ്രവേശിക്കാവു. ഹാര്‍ബറില്‍ എത്തുന്നവര്‍ക്കുമുണ്ട് നിയന്ത്രണങ്ങള്‍.

കൊവിഡ് വാക്സീന്‍ സ്വീകരിച്ചവരോ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കോ മാത്രമാണ് പ്രവേശനം. അതും പാസ് മൂലം. മത്സ്യബന്ധനത്തിന് പോകുന്നവരടക്കം ഹാര്‍ബറിലുള്ള മുഴുവനാളുകള്‍ക്കും കൊവിഡ് ടെസ്റ്റും ഇത്തവണ നിര്‍ബന്ധമാണ്. നിയന്ത്രണങ്ങള്‍ ഇത്ര കര്‍ശനമെങ്കിലും മത്സ്യത്തൊഴിലാളികള്‍ വലിയ പ്രതീക്ഷയിലാണ്.

ട്രോളിംഗ് തുടങ്ങിയപ്പോള്‍ നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികെല്ലാം തിരിച്ചെത്തി. മിക്കയിടത്തും ആഴക്കടലില്‍ പോകാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികള്‍.

×