Advertisment

തളിരിട്ടു നിൽക്കുന്ന കിനാക്കൾ. മരങ്ങൾ നട്ട ജനസേവകൻ

New Update

ജൂൺ മാസം നമുക്ക് മരം നടീൽ കാലമാണ്.അത് വാർത്തയും ചിത്രവുമാക്കാൻ എല്ലാവരും മത്സരിക്കുമ്പോൾ, പരിസ്ഥിതി സംരക്ഷണം ഒരു പ്രഹസനം ആക്കാതെ കൃത്യതയോടെ നടത്തിപോരുന്ന ഒരാളെ പരിചയപ്പെടാം.

Advertisment

publive-image

കരിമ്പ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ജിമ്മി മാത്യു. ജിമ്മിച്ചായൻ എന്ന് നാട്ടുകാർ സ്നേഹപൂർവ്വം വിളിക്കുന്ന കരിമ്പ മാറനാട്ട് വീട്ടിൽ ജിമ്മി ആലപ്പുഴ ജില്ലയിലെ കായലോര ഗ്രാമമായ തണ്ണീർമുക്കത്ത് നിന്നും ഏറെകാലം മുമ്പേ ഈ മലനാട്ടിലെത്തി കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറി ആയി സേവനം ചെയ്തയാളാണ്.

ബാങ്ക് ഉദ്യോഗത്തിൽ നിന്നും വിരമിച്ച ഈ ജന സേവകൻ വൃക്ഷതൈകള്‍ നട്ടു പിടിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. മെമ്പറാകും മുമ്പേ തുടങ്ങിയതാണ്. ഇപ്പോൾ തന്റെ വാർഡിലെ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനവും സംസ്ഥാന സര്‍ക്കാര്‍ തുടക്കംകുറിച്ച ഹരിത കേരള പദ്ധതിയും ഈ ഹരിത വൽക്കരണത്തിനായി വിനിയോഗിക്കുകയാണ്.മരങ്ങളിലെങ്കിൽ മനുഷ്യരില്ല.എങ്കിലും മരങ്ങൾക്കു വേണ്ടി സമയം ചെലവഴിക്കാൻ എത്രപേർ തയ്യാറാവും.

ഇവിടെയാണ് ഈ ജനപ്രതിനിധി വ്യത്യസ്തനാകുന്നത്.കരിമ്പ പാലളത്തെ കാഞ്ഞിരപ്പുഴ കനാൽ വശങ്ങളിൽ മാത്രം ഇദ്ദേഹം മുൻ കൈ എടുത്ത് അറുനൂറിലേറെ ഫലവൃക്ഷങ്ങളാണ് നട്ടു പരിപാലിക്കുന്നത്.  വിവിധ ഇനം നാട്ടു മാവുകൾ, വരിക്കപ്ലാവുകൾ, ഞാവൽ, കാരപ്പഴം, നെല്ലി തുടങ്ങി പല പ്രായത്തിലുള്ള

ഓരോ തൈകളും പ്രത്യേക കവചമൊരുക്കി സംരക്ഷിച്ച് വളർത്തിയിരിക്കുന്നു.

ഏകദേശം മൂന്നു കിലോമീറ്ററോളം ദൂരം ഈ മരങ്ങൾക്കരികിലൂടെ ഒരു നടപ്പാതയൊരുക്കി പ്രദേശവാസികൾക്ക് പ്രഭാത നടത്തത്തിനുള്ള അവസരമൊരുക്കണമെന്ന വലിയൊരു ദൃഢനിശ്ചയവും ഇതിന്റെ പിന്നിലുണ്ട്.

publive-image

ഒരു പരിസ്ഥിതിസൗഹൃദ സൗന്ദര്യത്തിന്റെ ഭാഗമായി ശരിയായ വിധം മരങ്ങൾ നടുന്നത് ജിമ്മി മാത്യുവിന് ആവേശമാണ്. ഓരോ ദിവസവും ഈ തൈകളുടെ പരിപാലനം നടത്തുന്നു. ഓരോ വ്യക്തിയും അവരെക്കൊണ്ടാവുന്ന മരങ്ങൾ വച്ചുപിടിപ്പിക്കണമെന്നാണ് ജിമ്മി മാത്യു പറയുന്നത്.

അതിനു ജൂൺ മാസമാവാൻ കാത്തു നിൽക്കേണ്ട. മരങ്ങൾ ഭൂമിയുടെ തണലിടങ്ങളും മനുഷ്യനുവേണ്ടിയുളള പ്രകൃതിയുടെ കരുതലുമാണ്. തണലും തണുപ്പും ഫലങ്ങളും തന്ന് നമ്മുടെനിത്യജീവിതത്തോട് ചേർന്നുനിൽക്കുന്നവ. തൊഴിലുറപ്പിന്റെ ഭാഗമായി കാട് വെട്ടി തെളിക്കുമ്പോൾ ഫലവൃക്ഷങ്ങൾ നടാമെന്ന്കരുതി.

ഇതിനായി കണ്ണൂരിൽ നിന്നു വരെ ശേഖരിച്ച നാടൻ വിത്തിനങ്ങൾ മുളപ്പിച്ചാണ് തൈകളൊരുക്കിയത്. ഔഷധ സസ്യങ്ങളുടെ നടീലും ഒരുക്കുന്നുണ്ട്. പരിസ്ഥിതി സ്നേഹമെന്നാൽ വല്ലപ്പോഴും പച്ചപ്പിനെ ചേർത്തുനിർത്തലല്ല,ജീവിതത്തെ ജീവിതവും പ്രകൃതിയെ പ്രകൃതിയും മനുഷ്യനെ മനുഷ്യനുമായി തിരിച്ചു പിടിക്കാനുള്ള ബോധപൂർവമായ ഇടപെടലാണ്.

ഇവിടുത്തെ ഹരിതാഭയും മണ്ണും വെള്ളവും ശുദ്ധ വായുവും ഉണ്ടായി തീരണമെങ്കിൽ വൃക്ഷ പരിപാലനം നടക്കണം. സ്വന്തം മനസ്സിലെ തണുപ്പുകൊണ്ട് തനിക്ക് ചുറ്റുമുള്ള ചൂടിനെ അകറ്റുകയാണ് ഈ പരിസ്ഥിതിസ്‌നേഹി. ആരെങ്കിലും ചോദിക്കുമെന്ന് കരുതിയോ ആരെയും ബോധിപ്പിക്കാനോ അല്ല, പ്രകൃതിയോടുള്ള പ്രതിബദ്ധത നിമിത്തം, ഈ പൊതു പ്രവർത്തകൻ തൊഴിലാളികൾക്കൊപ്പം പണിയെടുക്കുന്നു. വൃക്ഷങ്ങളെ വളർത്തുന്നു.

tree
Advertisment