Advertisment

ശവപ്പെട്ടി കാണുന്നതില്‍ വിദ്വേഷം; ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കടയുടമയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി

New Update

തിരുവനനന്തപുരം; ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കടയുടമയെ അയല്‍വാസി പെട്രോളൊഴിച്ചു കത്തിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവമുണ്ടായത്. അരുവിയോട് കാരമൂല റോഡരികത്ത് വീട്ടില്‍ വര്‍ഗീസാ(47)ണ്‌ ​ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേ‍ജ്‌ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്.

Advertisment

പതിവായി ശവപ്പെട്ടി കാണുന്നതിലുള്ള വിദ്വേഷമാണ് കൊലപാതക ശ്രമത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി അരുവിയോട് തൈപ്പറമ്ബ് വീട്ടില്‍ സെബാസ്റ്റ്യനാ(50)ണ്‌ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ഏഴര മണിയോടെ കുന്നത്തുകാല്‍ അരുവിയോടിനു സമീപത്തായിരുന്നു സംഭവം. പെട്രോള്‍ നിറച്ച കുപ്പികളും തീപ്പന്തവും പ്രതി വര്‍​ഗീസിന്റെ കടയിലേെക്കറിയുകയായിരുന്നു.

രണ്ടു കാലിനും സ്വാധീനമില്ലാത്ത 80 ശതമാനത്തിലേറെ ശാരീരികവൈകല്യമുള്ള വര്‍ഗീസ് ആറു വര്‍ഷത്തിലേറെയായി അരുവിയോട് പള്ളിവിള റോഡിനരികലായി വീടിനോടു ചേര്‍ന്ന കെട്ടിടത്തില്‍ ശവപ്പെട്ടിക്കട നടത്തുകയാണ്. കടയില്‍ ശവപ്പെട്ടികള്‍ നിരത്തിവയ്ക്കുന്നതില്‍ എതിര്‍വശത്തു താമസിക്കുന്ന സെബാസ്റ്റ്യനും വീട്ടുകാരും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. പതിവായി ശവപ്പെട്ടി കാണുന്നുവെന്നതാണ് അവരുടെ വിദ്വേഷത്തിനു കാരണം. കൂടാതെ പണിചെയ്യുമ്ബോള്‍ ശബ്ദമുണ്ടാകുന്നതിലും ഇവര്‍ക്ക് അലോസരമുണ്ടായിരുന്നു.

ഇതിനെത്തുടര്‍ന്ന് വര്‍ഗീസിന്റെ കട പൂട്ടിക്കാനായി ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്കും മാരായമുട്ടം പോലീസിനും സെബാസ്റ്റ്യന്‍ പല തവണ പരാതികള്‍ നല്‍കിയിരുന്നു. അധികൃതരെത്തി പരിശോധിച്ചെങ്കിലും നിയമവിരുദ്ധമായിട്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും കണ്ടെത്തിയില്ല. അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശവപ്പെട്ടികള്‍ പുറത്തുകാണാത്ത തരത്തില്‍ മാസങ്ങള്‍ക്കു മുന്‍പ്‌ കടയ്ക്കു മുന്നില്‍ ടാര്‍പ്പോളിനും സാരിയും കൊണ്ടു മറച്ച്‌ പ്രശ്നം പരിഹരിച്ചിരുന്നു. പിന്നീട് കാര്യങ്ങള്‍ സമാധാനമായി പോകുന്നതിനിടയിലാണ് ബുധനാഴ്ച രാവിലെ ആക്രമണമുണ്ടായത്.

വീടിന്റെ ടെറസ്സിന്റെ മുകളില്‍നിന്ന് പെട്രോള്‍ നിറച്ച നിരവധി കുപ്പികള്‍ വര്‍ഗീസിന്റെ കടയിലേക്കു വലിച്ചെറിഞ്ഞ ശേഷം സെബാസ്റ്റ്യന്‍ തീപ്പന്തവും അതിലേക്കു വലിച്ചെറിഞ്ഞു. ഈ സമയം കടയില്‍ പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു വര്‍ഗീസ്. കാലുകള്‍ക്കു സ്വാധീനക്കുറവുള്ളതിനാല്‍ ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല.ദേഹത്തു വീണ പെട്രോളില്‍ തീ പടര്‍ന്നുപിടിച്ചു. പിന്നീട് കടയില്‍നിന്ന് റോഡിലേയ്ക്ക് ഉരുണ്ടു നീങ്ങിയ വര്‍ഗീസിന്റെ ശരീരത്തിലെ തീ പരിസരവാസികളെത്തിയാണ് കെടുത്തിയത്. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

 
Advertisment