തിരുവനന്തപുരം: തലസ്ഥാനത്തെ പോലീസിന്റെ ഗുണ്ടാ, മാഫിയാ ബന്ധം കൈയോടെ പിടികൂടിയിരിക്കുകയാണ് ഇന്റലിജൻസ്. ഭൂമാഫിയയുമായും റിയൽ എസ്റ്റേറ്റ് വമ്പന്മാരുമായും ഗുണ്ടകളുമായും അവിശുദ്ധ ബന്ധം പുലർത്തിയ 5 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു കഴിഞ്ഞു. ഒരു ഡസനിലേറെപ്പേർ സസ്പെൻഷന്റെ നിഴലിലാണ്. നഗരത്തിലെ ലോഡ്ജിൽ ഭൂമാഫിയ തലവന്മാരുടെ മദ്യസത്കാരത്തിൽ അസി കമ്മിഷണർമാരും സി.ഐയും പങ്കെടുത്തെന്ന് ആരോപണമുയർന്നതോടെ, നാണംകെട്ട് തലകുനിച്ച് നിൽക്കുകയാണ് തലസ്ഥാന പോലീസ്.
തലസ്ഥാന നഗരത്തിലെ ഭൂ, മണ്ണ് മാഫിയകളുമായി നിയമവിരുദ്ധമായി ബന്ധപ്പെട്ട സംഭവത്തിൽ 5 പൊലീസ് ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. തിരുവനന്തപുരം സിറ്റിയിലെ പേട്ട എസ്.എച്ച്.ഒ റിയാസ് ഖാൻ, റൂറലിൽ മംഗലപുരം എസ്.എച്ച്.ഒ എച്ച്.എൽ സതീഷ്, തിരുവല്ലം എസ്.ഐ. സതീഷ് കുമാർ, ചേരന്നല്ലൂർ എസ്.എച്ച്.ഒ ഐ.പി വിനോദ് കുമാർ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
വകുപ്പ്തല അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് നടപടി സ്വീകരിച്ചത്. റെയിൽവെ ആസ്ഥാനത്തെ സി.ഐ അഭിലാഷ് ഡേവിഡിനെയും ഡി.ജി.പി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മണ്ണ് മാഫിയയുമായും ഭൂമി ഇടപാടുകാരുമായും അനധികൃത ബന്ധം കണ്ടെത്തിയതിനെ തുടർന്നും ഭൂമാഫിയ സംഘങ്ങൾക്ക് മധ്യസ്ഥത വഹിച്ചുവെന്ന കണ്ടെത്തിനെ തുടർന്നായിരുന്നു നടപടി.
തിരുവനന്തപുരം നഗരത്തിലെ ഭൂമാഫിയയിലെ ചിലരുമായി അഭിലാഷ് ഡേവിഡിന് വളരെ അടുത്ത ബന്ധമുള്ളതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞിരുന്നു. ഭൂമാഫിയ സംഘങ്ങൾ തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതായും കണ്ടെത്തി. ഇതേ തുടർന്നാണ് തുടർന്നാണ് സസ്പെൻഷൻ.
നഗരത്തിലെ ഭൂമാഫിയയും പാറ്റൂർ ആക്രമണ കേസിൽ ഉൾപ്പെട്ട പൂത്തിരി കൺസ്ട്രക്ഷൻ ഉടമ നിഥിനുമായുള്ള അഭിലാഷ് ഡേവിഡിനും അരഡസൻ ഡിവൈ.എസ് .പി മാർക്കുള്ള ബന്ധത്തെക്കുറിച്ച് പ്രവാസിയായ നെടുമങ്ങാട് സ്വദേശി രാഹുൽ ഇന്നലെ വാർത്താ സമ്മേളനം നടത്തിയിരുന്നു. ഈസ്റ്റ് ഫോർട്ടിലെ ഒരു ലോഡ്ജിൽ ഭൂമാഫിയ തലവന്മാരുമായി അഭിലാഷ് ഡേവിഡും ഡിവൈ.എസ്.പി മാരും മദ്യ സൽക്കാരം നടത്തുന്നതിനെക്കുറിച്ചും ആരോപണം ഉണ്ടായിരുന്നു.
ഫ്ലാറ്റ് വാങ്ങാൻ അഡ്വാൻസ് നൽകി വഞ്ചിതനായ പ്രവാസിക്ക് അഡ്വാൻസ് പണം തിരികെ വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലപ്പോഴായി പണം തട്ടിയെടുക്കുകയും പിന്നീട് ഡി.വൈ.എസ് .പി മാരുടെ സാന്നിദ്ധ്യത്തിൽ മുദ്രകടലാസിൽ ഒപ്പിട്ടുവാങ്ങി മർദിക്കുകയും ചെയ്ത പാറ്റൂർ കേസിലെ പ്രതി പൂത്തിരി കൺസ്ട്രക്ഷൻ ഉടമ നിഥിനെതിരെ പൊലീസ് കേസടുക്കുന്നില്ലെന്ന് നെടുമങ്ങാട് സ്വദേശി രാഹുൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
നഗരത്തിലെ പൊലീസ് -ഗുണ്ടാ ബന്ധം വെളിവാക്കുന്ന ആരോപണത്തിൽ നഗരത്തിലെ ആഡംബര ഹോട്ടലിൽ വച്ച് ഡി.വൈ.എസ്.പി യുടെ മകളുടെ ബെർത്ത് ഡേ പാർട്ടി നടത്താൻ തന്റെ കൈയിൽനിന്നും 50,000 രൂപ നിഥിൻ വാങ്ങി നൽകിയതായും നിരവധി തവണ ഡിവൈ.എസ് .പി മാർക്ക് വേണ്ടി തന്നെക്കൊണ്ട് മദ്യസത്കാര പാർട്ടികൾ നടത്തിച്ചതായും ആരോപണമുണ്ട് .
എറണാകുളം വൈറ്റിലയിൽ വിൽക്കാനിട്ടിരുന്ന ഒരു ഫ്ലാറ്റ് വാങ്ങാനായി രാഹുൽ ഫ്ലാറ്റ് ഉടമയ്ക്കു 10 ലക്ഷം രൂപ അഡ്വാൻസായി നൽകിയിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഫ്ലാറ്റ് വിൽക്കുന്നില്ലെന്ന് ഇയാൾ പറഞ്ഞിരുന്നു . എന്നാൽ അഡ്വാൻസ് തിരികെ നൽകാൻ തയ്യാറായില്ല. ഈ പണം വാങ്ങി നൽകാമെന്ന് പറഞ്ഞാണ് നിഥിൻ കൂടിയതെന്നും ഈ ബന്ധത്തിനിടയിലാണ് നിരവധി തവണ പൊലീസ് ഉദ്യോഗസ്ഥർക്കായി പാർട്ടി നടത്തിച്ചതെന്നും ഇയാൾ പറയുന്നു.
നിഥിൻ തന്റെ കൈയിൽ നിന്നും കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ മദ്യ സത്കാര പാർട്ടിയിൽ വിളിച്ചുവരുത്തി സി.ഐ ,ഡിവൈ.എസ്.പി മാരുടെ സാന്നിദ്ധ്യത്തിൽ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മുദ്രപത്രത്തിൽ ഒപ്പിടുവിച്ച് വാങ്ങുകയായിരുന്നെന്നും ഇത് സംബന്ധിച്ച് ഡി.ജി.പി ക്ക് നൽകിയ പരാതിയിൽ നപടിയില്ലെന്നും രാഹുൽ പറയുന്നു.