പതിനോരായിരത്തിലധികം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് ട്വന്റി 20യുടെ ഭക്ഷ്യ വിതരണം തുടരുന്നു…

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, June 10, 2021

കിഴക്കമ്പലം: എറണാകുളം ജില്ലയില്‍ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നവരെ സഹായിക്കുക
എന്ന ലക്ഷ്യത്തോടെ ട്വന്റി20 പൊതുജനപങ്കാളിത്തതോടെ ആരംഭിച്ച ഫുഡ് ചലഞ്ചിന്റെ ഭാഗമായുള്ള ഭക്ഷ്യകിറ്റ് വിതരണം തുടരുന്നു.

ദുരിതകാലത്തിന്റെ തുടക്കമായ 2020 മാര്‍ച്ച് മുതല്‍ ട്വന്റി 20 സ്വന്തം നിലയ്ക്ക് നിരവധി സഹായങ്ങളാണ് ജനങ്ങള്‍ക്കെത്തിച്ചത്. അത് ഇപ്പോഴും തുടരുന്നു. കിറ്റ് ഒന്നിന് 1500 രൂപ വില വരുന്ന 8207 കിറ്റുകള്‍ (ഒരു കോടി 23 ലക്ഷം രൂപയുടേത്) ഇതുവരെ ട്വന്റി 20 സ്വന്തം നിലക്ക് നല്‍കി കഴിഞ്ഞു. നിത്യോപയോഗ സാധനങ്ങളടക്കം 30 ഇനങ്ങളടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്.

എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഈ സഹായങ്ങള്‍ തികയാതെ വന്നപ്പോഴാണ് മെയ് 24 ന് പൊതുജന പങ്കാളിത്തതോടെ ഫുഡ്
ചലഞ്ച് ആരംഭിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍കുന്നതും കോവിഡ് പോസറ്റീവായ കുടുംബങ്ങള്‍ക്കുമാണ് കിറ്റ് വിതരണത്തില്‍ ആദ്യ പരിഗണന നല്‍കുന്നത്.

കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ 40,35,915 (2690 കിറ്റിനുള്ള തുക) രൂപയാണ് ഫുഡ് ചലഞ്ചിലൂടെ ഇതുവരെ ലഭിച്ചത്. എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ജൂണ്‍ 6വരെ ഫുഡ് ചലഞ്ച് വഴി 3412 (51,18,000 രൂപ വിലവരുന്ന) കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.

ട്വന്റി20 സ്വന്തം നിലയില്‍ 8027 കിറ്റും ഫുഡ് ചലഞ്ച് വഴി 3412 കിറ്റും വിതരണം ചെയ്തു. അതായത് 11,619 കിറ്റ് ജൂണ്‍ 6 വരെ വിതരണം ചെയ്തു. വരും ദിവസങ്ങളിലും ഫുഡ് ചലഞ്ചും അതിന്റെ ഭാഗമായുള്ള കിറ്റ് വിതരണവും തുടരും.

ഇത് കൂടാതെ ഹോമിയോ പ്രതിരോധ മരുന്നുകളും മാസ്‌ക് സാനിറ്റൈസര്‍ എന്നിവയും കപ്പയും പൈനാപ്പിളും അടങ്ങുന്ന കിറ്റും ട്വന്റി20 വിതരണം ചെയ്യുന്നുണ്ട്.

×