ട്വിറ്റര്‍ ഹാക്ക് ചെയ്തു, 20 കോടി ഉപയോക്താക്കളുടെ ഇമെയില്‍ വിലാസങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്; ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മുതല്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വരെയുള്ളവരുടെ ഡാറ്റാ ചോര്‍ത്തിയെന്നാണ് ഹാക്കര്‍മാരുടെ വാദം

New Update

publive-image

20 കോടിയിലധികം ട്വിറ്റര്‍ ഉപയോക്താക്കളുടെ ഇമെയില്‍ വിലാസങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഈ വിവരങ്ങള്‍ ഒരു ഓണ്‍ലൈന്‍ ഹാക്കിങ് ഫോറത്തില്‍ പോസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ 40 കോടി ഇമെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പറുകളും ചോര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ഹാക്കര്‍മാരുടെ വിവരങ്ങളോ സ്ഥലമോ ഇതിവരെ വെളിവായിട്ടില്ല.

Advertisment

'ഈ ഹാക്കിങ്,  ഫിഷിംഗ്, ഡോക്സിംഗ് (സൈബര്‍ കുറ്റകൃത്യങ്ങള്‍ )എന്നിവയിലേക്ക് നയിക്കും'  ഇസ്രായേലി സൈബര്‍ സുരക്ഷാ നിരീക്ഷണ സ്ഥാപനമായ ഹഡ്സണ്‍ റോക്കിന്റെ സഹസ്ഥാപകനായ അലോണ്‍ ഗാല്‍ ലിങ്ക്ഡിനില്‍ എഴുതി. കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഡേറ്റ ചോര്‍ച്ചകളില്‍ ഒന്ന് എന്നാണ് അദ്ദേഹം ഇതിനെ കുറിച്ചതെന്ന്  റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഹാക്ക്  ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ടാഴ്ച്ച പിന്നിട്ടിട്ടും ട്വിറ്റര്‍ വിഷയത്തില്‍ ഒരു പ്രതികരണവും നല്‍കിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇലോണ്‍ മസ്‌ക് 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കിയത്. ഏറ്റെടുത്തതിന് ശേഷം ഇലോണ്‍ മസ്‌കും ട്വിറ്ററും നിരവധി വിവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

സിഇഒ ഇലോണ്‍ മസ്‌കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വീണ്ടും ട്വിറ്ററിനെ വാര്‍ത്തകളില്‍ ഇടംപിടിപ്പിച്ച് ഡാറ്റാ ചോര്‍ച്ച. 40 കോടി ഉപയോക്താക്കളുടെ ഡാറ്റ ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബിലൂടെ വില്‍ക്കുന്നുവെന്നാണ് വിവരം. ഇതിന് മുമ്പും 54 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. നവംബറിലാണ് ഇത് സംബന്ധിച്ച ആദ്യ സൂചനകള്‍ പുറത്തുവന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പുതിയ സംഭവം ഇലോണ്‍ മസ്‌കിന് തലവേദനയാകും.

ട്വിറ്ററിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (ഡിപിസി) നേരത്തെ നടന്ന ഡാറ്റ ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഈ വാര്‍ത്ത വന്നത്.പുതിയ ഡാറ്റ ചോര്‍ച്ച സ്ഥിരീകരിക്കാനുള്ള തെളിവുകളും ഹാക്കര്‍മാര്‍ ഹാജരാക്കിയിട്ടുണ്ട്.

ഒരു ഡാറ്റ സാമ്പിളും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  ഉപയോക്താവിന്റെ പേര്, ഇമെയില്‍, പിന്തുടരുന്നവരുടെ എണ്ണം, ആരംഭിച്ച തീയതി,  ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയാണ് ചോര്‍ന്നത്. വിവിധ രംഗങ്ങളിലെ പല ഉന്നതരുടെയും പേരുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മുതല്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വരെയുള്ളവരുടെ ഡാറ്റാ ചോര്‍ത്തിയെന്നാണ് ഹാക്കര്‍മാരുടെ വാദം. ഇതിനുപുറമെ, ഇന്ത്യയുടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ സോഷ്യല്‍ മീഡിയ വിശദാംശങ്ങളുമുണ്ട്.

Advertisment