പ്രവാചക നിന്ദയില്‍ ജാര്‍ഖണ്ഡില്‍ സംഘര്‍ഷം; രണ്ട് മരണം; 20ഓളം പേര്‍ക്ക് പരുക്ക്

author-image
Charlie
Updated On
New Update
  1. publive-image
Advertisment

ബിജെപി നേതാവ് നുപുര്‍ ശര്‍മയുടെ പ്രവാചകനിന്ദയില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ജാര്‍ഖണ്ഡിലും സംഘര്‍ഷം. റാഞ്ചിയില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ രണ്ട് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഘര്‍ഷത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ ആറുതവണ വെടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിലാണ്. പരുക്കേറ്റ അബ്‌സാര്‍ എന്ന യുവാവിനെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. യുവാവ് സംഘര്‍ഷം നടക്കുന്ന സ്ഥലത്തെ മാര്‍ക്കറ്റില്‍ നിന്ന് മടങ്ങുമ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു. പ്രദേശത്ത് ആളുകള്‍ കല്ലെറിയുന്നതും പൊലീസ് വെടിവയ്ക്കുന്നതും കണ്ടപ്പോള്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തില്ലെന്നും യുവാവ് പറഞ്ഞു.

റാഞ്ചിയില്‍ ഇന്നലെയുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കൗശല്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള സഞ്ജയ് ലതേകര്‍ം എന്നിവരടങ്ങുന്നതാണ് സമിതി. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് റാഞ്ചിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത്. സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പത്തോളം പൊലീസുകാര്‍ക്കും പരുക്കുണ്ട്.

അതേസമയം പ്രവാചകനിന്ദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ അതീവജാഗ്രതയിലാണ്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു. ഒന്‍പത് ജില്ലകളായി ഇതുവരെ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതു വരെ 230 പേര്‍ അറസ്റ്റിലായി. അതിനിടെ കേസില്‍ പ്രതികളായവരുടെ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ പ്രയാഗ് രാജില്‍ ഇന്ന് നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി, കാണ്‍പൂരിലും, സഹാറന്‍ പൂരിലും പൊളിക്കല്‍ നടപടിയുണ്ടാകും. സംഘര്‍ഷമുണ്ടാക്കിയ സാമൂഹിക വിരുദ്ധര്‍ക്കതിരെ ബുള്‍ഡോസര്‍ നടപടിയുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.

Advertisment