വിസാ, ഐഡി കാര്‍ഡ് നിയമങ്ങളില്‍ ഭേദഗതിയുമായി യുഎഇ; പ്രവാസികള്‍ക്ക് രേഖകള്‍ പുതുക്കാന്‍ സമയം അനുവദിക്കും

ന്യൂസ് ബ്യൂറോ, ദുബായ്
Friday, July 10, 2020

അബുദാബി: വിസ, ഐഡി കാര്‍ഡ് നിയമങ്ങളില്‍ ഭേദഗതിയുമായി യുഎഇ. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി യുഎഇ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭ ഭേദഗതി കൊണ്ടുവന്നത്.

വിസ, എന്‍ട്രി പെര്‍മിറ്റുകള്‍, ഐഡി കാര്‍ഡുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും നടപ്പിലാക്കുന്നത്‌ ജൂലൈ 11 മുതല്‍ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചു. സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഫീസ് ജൂലൈ 12 മുതല്‍ ഫെഡറള്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) സ്വീകരിച്ച് തുടങ്ങും.

Image

സ്വദേശികള്‍, ജിസിസി പൗരന്മാര്‍, പ്രവാസികള്‍ എന്നിവര്‍ക്കായി രേഖകള്‍ പുതുക്കാന്‍ മൂന്ന് മാസം സമയം അനുവദിക്കും. രാജ്യത്തിന് പുറത്ത് ആറു മാസത്തില്‍ താഴെ താമസിച്ചിട്ടുള്ള പ്രവാസികള്‍, ജിസിസി പൗരന്മാര്‍, സ്വദേശികള്‍ എന്നിവര്‍ക്ക് രേഖകള്‍ പുതുക്കുന്നതിനായി യുഎഇയില്‍ എത്തുന്ന തീയതി മുതല്‍ ഒരു മാസത്തെ സമയം അനുവദിക്കും.

Image

രാജ്യത്തിന് പുറത്തിന് താമസിക്കുന്നവരും 2020 മാര്‍ച്ച് ഒന്നിന് വിസാ കാലാവധി അവസാനിച്ചതുമായ പ്രവാസികള്‍ക്കും അല്ലെങ്കില്‍ രാജ്യത്തിന് പുറത്ത് ആറു മാസത്തില്‍ കൂടുതല്‍ താമസിക്കുന്നവര്‍ക്കും യുഎഇയിലേക്ക് മടങ്ങിവരാന്‍ പ്രത്യേക സമയപരിധി അനുവദിക്കും. വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്ന തീയതി മുതലായിരിക്കും ഇത്.

പറഞ്ഞിരിക്കുന്ന സമയപരിധി അവസാനിച്ചാല്‍ പ്രത്യേക ഫീസോ പിഴയോ ഈടാക്കും. ഇളവുകള്‍ നല്‍കിയിരിക്കുന്ന കാലയളവില്‍ പിഴകളൊന്നും ഈടാക്കില്ല.

×