നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ അഞ്ചില്‍ അഞ്ചും വിജയിക്കും – യുഡിഎഫ്

ന്യൂസ് ബ്യൂറോ, ഇടുക്കി
Wednesday, April 7, 2021

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ പ്രൊഫ. എംജെ ജേക്കബ്ബും പ്രസ്താവിച്ചു.

ജനങ്ങള്‍ ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പാമാണെന്ന് വിളംബരം ചെയ്യുന്ന ആഘോഷ തിമിര്‍പ്പാണ് ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ദൃശ്യമായത്. ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം നിയോജക മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ അഡ്വ. ഇഎം ആഗസ്തി, സിറിയക്ക് തോമസ്, ഡി കുമാര്‍ എന്നിവര്‍ ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ജോര്‍ജ്ജ് പൂന്തോട്ടം മുഖാന്തിരം സമര്‍പ്പിച്ച 8890/2021-ാം നമ്പര്‍ ഹര്‍ജിയിലെ ഉത്തരവ് പ്രകാരം ബോര്‍ഡര്‍ ചെക്കു പോസ്റ്റുകളില്‍ കേന്ദ്രസേനയെ വിന്യസിച്ച് ഇരട്ട വോട്ടുള്ളവരുടെ തമിഴ്നാട്ടില്‍
നിന്നും കേരളത്തിലേക്കുള്ള നുഴഞ്ഞ് കയറ്റം കര്‍ശനമായി തടഞ്ഞതോടെ ഇരട്ട വോട്ടിന്‍റേയും കള്ളവോട്ടിന്‍റേയും പിന്‍ബലത്തില്‍ തെരഞ്ഞെടുപ്പ് ജയിക്കാമെന്ന ഇടതു മുന്നണിയുടെ വ്യാമോഹമാണ് തകര്‍ന്നടിഞ്ഞത്.

ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന സര്‍വ്വകക്ഷി യോഗ തീരുമാനം അട്ടിമറിച്ച് കേരളത്തിലെ മറ്റു 13 ജില്ലകളിലും വസ്തു ഉടമസ്ഥര്‍ അനുഭവിക്കുന്ന അവകാശങ്ങള്‍ ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്കു മാത്രം നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ മാപ്പ് അര്‍ഹിക്കുന്നില്ല. കഴിഞ്ഞ 5 വര്‍ഷമായി തുടര്‍ച്ചയായി ഇടുക്കി ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ കുറിപ്പാകും തെരഞ്ഞെടുപ്പ് ഫലം.

×