ലണ്ടൻ: ബ്രിട്ടനിൽ ഭാര്യയെ ക്രൂരമായി മർദിച്ച മലയാളി യുവാവിന് 20 മാസം തടവുശിക്ഷ. ബ്രിട്ടനിലെ ന്യൂപോർട്ടിൽ താമസിക്കുന്ന ഡോണി വർഗീസിനാണ് (37) ന്യൂപോർട്ട് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഡോണി ഭാര്യയെ രണ്ടുതവണ കൊലപ്പെടുത്താൽ ശ്രമിച്ചെന്നാണ് പരാതി. ഇയാളുമായുള്ള പ്രശ്നങ്ങൾ നാട്ടിലുള്ള സഹോദരനുമായി യുവതി വിഡിയോ കോളിൽ സംസാരിക്കവേയായിരുന്നു ക്രൂരമായ ആക്രമണം.
ആക്രമണത്തന്റെ ദൃശ്യങ്ങൾ വിഡോയോയിൽ പതിഞ്ഞതോടെ കേസ് ശക്തമായി. അക്രമത്തിനിടെ ഇയാളിൽനിന്നും രക്ഷപ്പെട്ട് ഓടിയ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
കേസ് കോടതിയിൽ എത്തിയപ്പോൾ മക്കളെ ഓർത്ത് ഭർത്താവിനോട് ക്ഷമിക്കാൻ യുവതി തയാറാവുകയും ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തെങ്കിലും ഇയാൾ ചെയ്ത കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടത്ത് കോടതി 20 മാസത്തെ ജയിൽശിക്ഷ വിധിക്കുകയായിരുന്നു.
താൻ ചെയ്ത കുറ്റത്തിൽ പശ്ചാത്തപിക്കുന്നതായും ഭാര്യയെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം തനിക്ക് മനസിലായെന്നും ഡോണിയും കോടതിയെ അറിയിച്ചെങ്കിലും കോടതി ശിക്ഷയിൽനിന്നും മോചനം നൽകിയില്ല.