ബാങ്കോർ: നോർത്ത് വെയിൽസില്‍ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ അന്തരിച്ച ജിജോ ജോസിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച നടക്കും. കഴിഞ്ഞ രണ്ടു വർഷമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു ജിജോ. രോഗം ഭേദമായെന്നു കരുതിയാണ് നോർത്ത് വെയിൽസിൽ സീനിയർ കെയറർ ആയി എത്തിയ ഭാര്യയോടൊപ്പം താമസിക്കാൻ മൂന്നു മക്കളെയും കൂട്ടി മൂന്നു മാസം മുൻപ് യുകെയിൽ എത്തിയത്. എന്നാൽ രോഗം വീണ്ടും മൂർച്ഛിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് സ്വവസതിയിൽ പ്രാർഥനാ ശുശ്രുഷകൾ ആരംഭിക്കും. കരയാംപറമ്പ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ അന്ത്യോപചാര ശുശ്രുഷകൾ നടത്തി കുടുംബ കല്ലറയിൽ സംസ്കാരം നടത്തും.
നോർത്ത് വെയിൽസിലെ ബാങ്കോറിനടുത്തുള്ള നഴ്സിങ് ഹോമിൽ സീനിയർ കെയററായി പത്തുമാസം മുൻപാണ് ഭാര്യ നിഷ ജിജോ എത്തിയത്. മറ്റത്തൂർ പാലാട്ടിൽ ബാബുവിന്റെയും ഉഷയുടെയും മകളാണ് നിഷ. ജോഷ്വാ (13) ജൊഹാൻ (9) ജ്യുവൽ മരിയ (7) എന്നിവർ മക്കളാണ്.
അങ്കമാലിക്കടുത്ത് കരയാംപറമ്പിൽ, കാളാംപറമ്പിൽ വർക്കി ജോസ്, ജെസി ജോസ് എന്നിവരുടെ മകനാണ് ജിജോ ജോസ് (46). സിജോ ജോസ് (സ്റ്റീവനേജ്,യുകെ), സുജ റോബിൻ എന്നിവർ സഹോദരങ്ങളാണ്.
ക്രിസ്മസ്-നവവത്സര അവധി ദിനങ്ങളായതിനാലാണു മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കു കാലതാമസം വന്നത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതടക്കമുള്ള നടപടികൾക്കും കുടുംബത്തിനു താങ്ങും തണലുമായും ലിജോ തോമസ് തെറ്റയിലിന്റെ നേതൃത്വത്തിൽ ബാങ്കോർ മലയാളി അസോസിയേഷൻ കൂടെ ഉണ്ടായിരുന്നു. കുടുംബാംഗങ്ങൾ ലണ്ടനിൽ നിന്നു നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്