അസാധാരണ പ്രതിഭാസം: വ്യാഴാഴ്ച്ച ഉച്ചയ്ക്ക് വിശുദ്ധ കഅബയ്ക് ലംബമായ് ശുക്രൻ ഗ്രഹം

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Thursday, May 13, 2021

മക്ക: അസാധാരണമായ ഒരു ജ്യോതിശാസ്ത്ര പ്രതിഭാസത്തിൽ, ഇന്ന്, വ്യാഴാഴ്ച, ഈദുൽ ഫിത്വർ ദിനത്തിൽ ഭൂമിയ്ക്ക് തൊട്ടടുത്തുള്ള ശുക്രൻ ഗ്രഹം വിശുദ്ധ കഅബാ ശരീഫ് മന്ദിരത്തിന് നേർ ലംബാവസ്ഥയിലെത്തും. ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി വെളിപ്പെടുത്തിയതാണ് ഇക്കാര്യം. സൗദി സമയം ഉച്ചയ്ക്ക് 01:08 നായിരിക്കും ഇതെന്ന് ജ്യോതിശാസ്ത്ര സൊസൈറ്റി അധ്യക്ഷൻ എഞ്ചിനീയർ മാജിദ് അബൂസാഹിറ പറഞ്ഞു.

എന്നാൽ, ശുക്രൻ ഗ്രഹം കഅബയ്ക്ക് നേരെ മീതെയാകുന്നത് നഗ്ന ദൃഷ്ടികൾ കൊണ്ട് കാണാനാകില്ല. കാരണം ഇത് സംഭവിക്കുന്നത് നട്ടുച്ച നേരത്താണ്. ഗ്രഹം 89,54,41 ഡിഗ്രി ഉയരത്തിലുമായിരിക്കും. കഅബാ മന്ദിരത്തിന് നേരെ ലംബാവസ്ഥയിൽ ശുക്രൻ വരുന്നത് അസാധാരണ പ്രതിഭാസമാണെ ന്നതിന് കാരണങ്ങൾ എഞ്ചിനീയർ മാജിദ് അബൂസാഹിറ വിശദീകരിച്ചു.

ഇത് സംഭവിക്കുമ്പോൾ ശുക്രന്റെ ചരിവ് മക്കയുടെ അക്ഷാംശത്തിന് തുല്യമായിരിക്കും. അതാകട്ടെ സ്ഥിരമായി ഉണ്ടാകുന്ന അവസ്ഥയല്ല. ഗ്രഹത്തിന്റെ ചെരിവ് മാറുന്ന കാലഘട്ടത്തിന്റെ ദൈർ ഘ്യത്തെ ബാധിക്കുന്ന തരം പരിക്രമണ ഘടകങ്ങളാണ് ഇതിന് കാരണം. കഴിഞ്ഞ വർഷം മാർച്ച് ഇരുപത്തിയാറിനാണ് ഇത്തരമൊന്ന് ഒടുവിൽ സംഭവിച്ചതെന്നും അബൂസാഹിറ പറഞ്ഞു.

 

×