/sathyam/media/post_attachments/AVePO2qXdzKuy7Xe2dLu.jpg)
മണ്ണാർക്കാട്: സ്വാതന്ത്ര്യസമര സേനാനി ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെയും ഗാന്ധിജിയുടെയും പ്രതിമ അനാച്ഛാദനം തച്ചമ്പാറ ദേശബന്ധു സ്കൂൾ അങ്കണത്തിൽ ജൂൺ
28ന് കേരളാ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പു മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവ്വഹിക്കുമെന്ന് സ്‌കൂൾ മാനേജുമെന്റ് അറിയിച്ചു.
കോങ്ങാട് എംഎൽഎ അഡ്വ:കെ.ശാന്തകുമാരി അധ്യക്ഷത വഹിക്കും. 1870 മുതൽ 1925 വരെയാണ് സി.ആർ.ദാസിൻ്റെ ജീവിതകാലം. സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ കൂടാതെ പ്രമുഖ അഭിഭാഷകൻ,കവി,ആക്ടിവിസ്റ്റ്, എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടു.
സ്വരാജ് പാർട്ടി നേതാവായിരുന്ന അദ്ദേഹം നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ രാഷ്ട്രീയ ഗുരു കൂടിയാണ്.അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം സ്കൂൾ സ്ഥാപകനായ വേർക്കോട്ട് ഗോവിന്ദനുണ്ണി പണിക്കരാണ് സ്കൂളിന് ദേശബന്ധു എന്ന പേർ നല്കിയത്.
ചിത്തരഞ്ജൻ ദാസിൻ്റെ പ്രതിമക്കൊപ്പം മഹാത്മജിയുടെ പ്രതിമ കൂടി സ്ഥാപിക്കണമെന്ന ദേശസ്നേഹികളും സ്കൂൾ അഭ്യുദയകാംക്ഷികളുമായ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളുടെ ശ്രമഫലമായി ഗാന്ധി പ്രതിമയും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.
ഷൊർണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റിയാണ് സിആർ ദാസിൻ്റെയും ഗാന്ധിജിയുടെയും അർദ്ധകായ പ്രതിമകൾ നിർമ്മിച്ചത്. പ്രമുഖ ശില്പി രവിദാസ് ആണ് നേതൃത്വം നൽകിയത്.
തച്ചമ്പാറയിലെ പ്രമുഖ കുടുബാംഗങ്ങളും പൗരപ്രമുഖരുമായിട്ടുള്ള ഉപേന്ദ്ര കെ മേനോൻ, ബാലചന്ദ്രൻ മുള്ളത്ത് എന്നിവർ സാമ്പത്തിക സഹായം നൽകി. പ്രിൻസിപ്പൽ വി.പി ജയരാജനാണ് പ്രതിമ നിർമ്മാണം എന്ന ആശയം മുന്നോട്ട് വച്ചതും എല്ലാ നേതൃത്വവും നൽകി വന്നതും.
സ്കൂൾ മാനേജർ വത്സൻ മഠത്തിൽ, പിടിഎ പ്രസിഡൻറ് എം.രാമചന്ദ്രൻ, ഒഎസ്എ പ്രസിഡൻ്റ് എം.ഉണ്ണികൃഷ്ണൻ, ഹെഡ്മാസ്റ്റർ കെ.ബെന്നി ജോസ്, എന്നിവരും ഈ സദുദ്യമത്തിൽ പങ്കാളിയാണ്. ഒരു ദേശത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിൽ ശ്രദ്ധേയമായ നാമം ദേശബന്ധു, ജില്ലയിൽ ഏറ്റവും പ്രശസ്തമായ വിദ്യാലയ മുറ്റത്തെ സ്മാരകങ്ങളിലൊന്നായി ഇനി ചരിത്രമോർമ്മിപ്പിക്കും.