കൊച്ചി: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിലേക്ക് തിരിക്കും. യാത്രക്കായുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി മഅദനിയുടെ മകൻ ഇന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറെ സന്ദർശിക്കും. വിമാന മാർഗം മഅദനിയെ കൊച്ചിയിലെത്തിക്കാനാണ് ശ്രമം.
കൊച്ചിയിലെത്തുന്ന മഅദനി ആദ്യം കൊല്ലം ശാസ്താംകോട്ടയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാനാണ് സാധ്യത. കർണാടക പൊലീസിൻറെ അകമ്പടിയോടെയാണ് മഅദനി കേരളത്തിലെത്തുക. സുരക്ഷാച്ചെലവ് മഅദനി വഹിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞ സാഹചര്യത്തിൽ നടപടിക്രമങ്ങൾക്കായാണ് മകൻ സലാഹുദ്ധീൻ അയ്യൂബി പൊലീസ് കമ്മീഷണറെ കാണുന്നത്. ഇളവ് ലഭിച്ച ഉത്തരവ് ഇന്ന് ബെംഗളൂരുവിലെ വിചാരണ കോടതിയിൽ സമർപ്പിക്കും. കർണാടക പൊലീസിന് പുറമെ കേരളാ പൊലീസും മഅദനിക്ക് സുരക്ഷ ഒരുക്കും.
പിതാവിനെ സന്ദർശിച്ച ശേഷം അൻവാർശേരിയിലെ പ്രാർഥനകളിലും മഅദനി പങ്കെടുക്കും. ഇതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറും. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് സന്ദർശകരെ അനുവദിക്കില്ല. സുപ്രീം കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയതോടെയാണ് ബെംഗളൂരുവിൽ കഴിയുന്ന മഅദനി കേരളത്തിലേക്ക് എത്തുന്നത്. ആരോഗ്യ നില മോശമായ പിതാവിനെ സന്ദർശിക്കാനും, വൃക്ക തകരാറിലായതിനാൽ വിദഗ്ധ ചികിത്സ തേടാനുമാണ് മഅദനി കേരളത്തിലെത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us