സിവിക് ചന്ദ്രനെതിരായ പീഡന പരാതി; ഇന്റേണൽ കമ്മിറ്റി റിപ്പോർട്ട് റദ്ദാക്കി

New Update

publive-imageകോഴിക്കോട്: സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗിക പീഡനക്കേസിൽ പാഠഭേദം ഇന്റേണൽ കമ്മിറ്റി നൽകിയ അന്വേഷണ റിപ്പോർട്ട് ലേബർകമ്മിഷണർ റദ്ദാക്കി. കോഴിക്കോട് റീജണൽ ജോയന്റ്‌ ലേബർ കമ്മിഷണറുടെ ഓഫീസിൽ അതിജീവിത നൽകിയ അപ്പീൽ പരിഗണിച്ചാണ് ഉത്തരവ്. ഇതോടെ അതിജീവിതയ്ക്ക് ഇനി കളക്ടർ അധ്യക്ഷത വഹിക്കുന്ന ലോക്കൽ കമ്മിറ്റി മുമ്പാകെ പുതിയ പരാതി സമർപ്പിക്കാം.

Advertisment

ചട്ടവിരുദ്ധമായി രൂപവത്കരിച്ച ഒരു കമ്മിറ്റിയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതെന്നായിരുന്നു ലേബർകമ്മിഷണർ മുമ്പാകെ അതിജീവിതയുടെ വാദം. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമത്തെ ദുർബലപ്പെടുത്തുന്ന തരത്തിൽ സിവിക് ചന്ദ്രന് അനുകൂലമായ റിപ്പോർട്ട് ഉണ്ടാക്കുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. ലൈംഗികാതിക്രമക്കേസുകളിൽ 2013-ലെ നിയമപ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചല്ല ഇന്റേണൽ കമ്മിറ്റി രൂപവത്കരിച്ചതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

നിയമത്തിലെ വകുപ്പ് 4-പ്രകാരം കുറഞ്ഞത് നാല് അംഗങ്ങൾ കമ്മിറ്റിയിലുണ്ടാവണം. ഒരു എക്സ്റ്റേണൽ അംഗവും പ്രിസൈഡിങ് ഓഫീസറും വേണമെന്നും വ്യവസ്ഥയുണ്ട്. തൊഴിലുടമയുടെ പേരിലാണ് പരാതിയെങ്കിൽ ജില്ലയിലെ കളക്ടർ അധ്യക്ഷത വഹിക്കുന്ന ലോക്കൽ കമ്മിറ്റിയാണ് കേസുകൾ പരിഗണിക്കേണ്ടതെന്നും നിയമമുണ്ട്. കുറ്റാരോപിതന് ജാമ്യം നൽകുമ്പോൾ പാഠഭേദം റിപ്പോർട്ട് ഒരു രേഖയായി കോഴിക്കോട് സെഷൻസ് കോടതി പരിഗണിച്ചിരുന്നത് കൊണ്ടാണ് അതിജീവിത അപ്പീലിന് പോയതെന്നും അവരുടെ അഭിഭാഷക പി എ അഭിജ പറഞ്ഞു. മൃദുലാദേവി, ഡോ. ഖദീജാ മുംതാസ്, പി ഇ ഉഷ എന്നിവരാണ് പാഠഭേദത്തിനുവേണ്ടി ഐസിആർ റിപ്പോർട്ട് തയ്യാറാക്കിയത്.

Civic Chandran
Advertisment