കൊല്ലം: കെഎസ്‌യു ജംബോ പട്ടിക റദ്ദാക്കി. കെഎസ്‌യു പുനഃസംഘടനാ പട്ടിക സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. പുതിയ പട്ടിക ഉടന്‍ പുറത്തുവരും. വിവാഹിതര്‍ക്കും പ്രായപരിധി പിന്നിട്ടവര്‍ക്കും ഇനി പട്ടികയില്‍ സ്ഥാനമുണ്ടാകില്ല. എന്നാല്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അലോഷ്യസ് സേവിയറിന് പ്രായപരിധിയില്‍ ഇളവുണ്ട്. പുനഃസംഘടനാ പട്ടിക സംബന്ധിച്ച് നിരവധി പരതികളാണ് ലഭിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ശൗര്യവീര്‍ സിങ് ഉത്തരവില്‍ പറയുന്നു. പരാതി ലഭിച്ചതിന് പിന്നാലെ വേണ്ട പരിശോധനകള്‍ നടത്തിയെന്നും പട്ടിക റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നുണ്ട്.
പുനഃസംഘടനാ പട്ടിക പുറത്ത് വന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും കാരണമായിരുന്നു. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍നിന്ന് വലിയ മാറ്റം വരുത്തിയെന്നായിരുന്നു ആരോപണം. വിവാഹിതരെയും പ്രായപരിധി പിന്നിട്ടവരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്നായിരുന്നു തീരുമാനം. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. ഭാരവാഹി പട്ടികയില്‍ വിവാഹിതരായ ഏഴ് പേരെയും പ്രായപരിധി പിന്നിട്ട അഞ്ച് പേരെയും ഉള്‍പ്പെടുത്തിയിരുന്നു. പിന്നാലെ വി ടി ബല്‍റാമും അഡ്വ. ജയന്തും കെഎസ്‌യുവിന്റെ ചുമതല ഒഴിഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തി അറിയിച്ച് കത്തും നല്‍കി.
കഴിഞ്ഞ ദിവസം രണ്ട് സംസ്ഥാന ഉപാധ്യക്ഷന്മാര്‍ രാജി സമര്‍പ്പിച്ചിരുന്നു. ആലപ്പുഴയില്‍ നിന്നുള്ള എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരും, അനന്ത നാരായണനുമാണ് എൻഎസ്‌യു നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്. വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇനിയും തുടരേണ്ടതില്ലെന്ന നിലപാടാണ് ഇരുവരും കൈക്കൊണ്ടത്. വിവാഹം കഴിഞ്ഞവര്‍ വേണ്ടന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം ഉറച്ച് നില്‍ക്കുകയായിരുന്നു.Story Highlights: KSU State Committee List Was Cancelled By NSU