ന്യൂഡൽ​ഹി: ​ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണിനെതിരായ ലൈം​ഗികാതിക്രമ പരാതി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് പരാതി പരി​ഗണിക്കുക. ​ഗുസ്തി താരങ്ങൾ ജന്തർ മന്ദിറിൽ നടത്തുന്ന സമരം ആറാം ദിനത്തിലേക്ക് കടന്നു. പരാതിയിലുളള ആരോപണങ്ങൾ ​ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസ് എടുക്കും മുമ്പ് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഏഴു പേർ ചേർന്നാണ് ഹരജി നൽകിയത്.
അതേസമയം ​ഗുസ്തി താരങ്ങളുടെ സമരത്തെ വിമർശിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷ പി ടി ഉഷക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. പിടി ഉഷയിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് സാക്ഷി മാലിക് പ്രതികരിച്ചു. ആവർത്തിച്ച് പറഞ്ഞിട്ടും അറിയിച്ചിട്ടും പൊലീസിലേക്ക് കൈമാറാനോ നടപടിയെടുക്കാനോ ഒളിമ്പിക് അസോസിയേഷൻ തയ്യാറായില്ല. ലൈം​ഗികാതിക്രമം നേരിട്ടതിന്റെ പേരിൽ വനിതാ ​ഗുസ്തി താരങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ എന്നും സാക്ഷി മാലിക് ചോദിച്ചു.
താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. പ്രതിഷേധം അച്ചടക്കമില്ലായ്മക്ക് തുല്യമാണ്. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുമ്പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു. എന്നായിരുന്നു പി ടി ഉഷയുടെ പ്രതികരണം. രണ്ട് ദിവസം മുന്‍പ് ഡല്‍ഹി പൊലീസില്‍ ഏഴ് താരങ്ങള്‍ പരാതി നൽകിയിരുന്നു. ലൈംഗിക ചൂഷണം ആരോപിച്ചായിരുന്നു പരാതി നൽകിയത്. താനുൾപ്പടെയുള്ള വനിതാ താരങ്ങളെ ബ്രിജ് ഭൂഷൺ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവായ വിനേഷ് ഫോഗട്ടിന്റെ ആരോപണമാണ് വിവാദമായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം. കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് താരങ്ങളുടെ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us