ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിട്ടാൽ ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സിബിഐ. ഇത് സംബന്ധിച്ച സത്യവാങ്മൂലം സിബിഐ സുപ്രീം കോടതിയിൽ ഫയൽ ചെയ്തു. കൊച്ചി സിബിഐ യൂണിറ്റിലെ എസ്പി എ ഷിയാസാണ് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. കെ എം മാണിക്കെതിരെ കേരള ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം.
2014ൽ കെ എം മാണി ധനകാര്യ മന്ത്രിയായിരിക്കെ സംസ്ഥാനത്തെ 418 ബാറുകൾ തുറക്കാൻ അഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ബിജു രമേശ് ആരോപിച്ചത്. പിന്നാലെ പി എൽ ജേക്കബ് എന്നയാളാണ് ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട സത്യവാങ്‌മൂലത്തിലാണ് സിബിഐ നിലപാടറിയിച്ചത്. രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ, കെ ബാബു, ജോസ് കെ മാണി എന്നിവർക്കെതിരേ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
2014ൽ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു ബാർ ലൈസൻസ് പുതുക്കുന്നതിനും ലൈസൻസ് തുക കുറയ്‌ക്കാനും ഒരു കോടി രൂപ കൈപ്പറ്റിയെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് ഒരു കോടി, ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന് 25 ലക്ഷം, എക്‌സൈസ് മന്ത്രി കെ ബാബുവിന് 50 ലക്ഷം എന്നിങ്ങനെ ബിജു രമേശ് വെളിപ്പെടുത്തിയതായും സിബിഐ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്‌മൂലത്തിൽ പറയുന്നു. കെ എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സത്യവാങ്‌മൂലത്തിൽ സിബിഐ വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us