ഇടുക്കി: അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ. ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവ സങ്കേതത്തിലെ ഉൾവനത്തിൽ ഇറക്കി വിട്ട അരിക്കൊമ്പൻ സ്ഥലത്ത് നിന്നും ഒമ്പത് കിലോമീറ്റർ ദൂരത്തിനുള്ളിലാണ് ഉളളതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അരിക്കൊമ്പൻ പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തന്നെയാണുള്ളത്. വനംവകുപ്പ് വാച്ചർമാരുടെ സംഘം അരിക്കൊമ്പനെ നിരീക്ഷിച്ച് വരികയാണെന്നും അരിക്കൊമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തിൽ നിന്ന് അരികൊമ്പൻ പൂർണമായും ഉണർന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി. അതേസമയം അരിക്കൊമ്പൻ ദൗത്യത്തിനായി ചിന്നക്കനാലിൽ എത്തിയ നാല് കുങ്കി ആനകൾ ഇന്ന് മുതൽ മടങ്ങിയേക്കും. ദൗത്യം പൂർത്തീകരിച്ചതിനാൽ കുങ്കിയാനകളെ വയനാട്ടിേലക്ക് തിരിച്ചെത്തിക്കണം. ആദ്യം പോകേണ്ടത് ആരെല്ലാമാണെന്ന് ഡോ അരുൺ സഖറിയയും വയനാട് ആർആർടി റേഞ്ച് ഓഫീസർ രൂപേഷും തീരുമാനിക്കും. രണ്ട് ലേറികളാണ് ആനകളെ കൊണ്ടു പോകുന്നതിനായി എത്തിയിരിക്കുന്നത്. അടുത്ത 15 മുതൽ വിക്രമിന് മദപ്പാട് തുടങ്ങുന്നതിനാൽ ഇന്ന് കൊണ്ടുപോകുന്നവരിൽ വിക്രമുണ്ടാകുമെന്നാണ് വിവരം.
അരിക്കൊമ്പൻ തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് ഇണങ്ങിത്തുടങ്ങിയെന്നാണ് വനംവകുപ്പ് പറയുന്നത്. രണ്ട് സ്ഥലത്തെയും കാലാവസ്ഥ തമ്മിൽ വ്യത്യാസമില്ലെന്നും ആനയ്ക്ക് ഉടൻ തന്നെ പൂർണമായി ഇണങ്ങാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പൻ ജനവാസ മഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us