അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ച്ചക്കുറവ്; തുമ്പിക്കൈയിലെ പരുക്കിന് രണ്ടുദിവസത്തെ പഴക്കമെന്നും റിപ്പോര്‍ട്ട്

New Update

publive-imageഇടുക്കി: അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ച്ചക്കുറവ്. മയക്കുവെടിവെച്ച് പരിശോധിച്ചപ്പോഴാണ് വ്യക്തമായത്. വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം കൂടുതല്‍ ചികിത്സ ആവശ്യമില്ലെന്നും വനംവകുപ്പ് നിര്‍ദേശിച്ചു. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ പരുക്കിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുറിവിന് ചികിത്സ നല്‍കിയാണ് കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തിലേക്ക് വിട്ടത്.

Advertisment

ആനയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം അതിന്റെ ആരോഗ്യനില വനംവകുപ്പിന്റെ വെറ്റിറനറി വിഭാഗം വിശദമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് കാഴ്ചക്കുറവുള്ള കാര്യം വ്യക്തമായത്. എന്നാല്‍ ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.

അരിക്കൊമ്പന്‍ ദൗത്യം വിജയിച്ചതില്‍ എല്ലാ ഉദ്യോഗസ്ഥരേയും അഭിനന്ദിച്ചും ഹൈക്കോടതി കത്തെഴുതിയിരുന്നു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരാണ് കത്തയച്ചത്. സഹാനുഭൂതിയോടെ ദൗത്യം നിറവേറ്റിയത് മനുഷ്യത്വത്തിന്റെ അടയാളമാണെന്നും നന്ദി പറഞ്ഞുളള കത്തില്‍ ജസ്റ്റിസ് വ്യക്തമാക്കി. മനുഷ്യമൃഗ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വെളളവും ഭക്ഷണവും തേടി അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തിരികെ വരാനുളള സാധ്യത ഇല്ലേയെന്നും കോടതി ചേദിച്ചു. പുതിയ ആവാസ വ്യവസ്ഥയോട് ഇണങ്ങുന്നത് വരെ റേഷന്‍ കടകള്‍ തേടി കൊമ്പന്‍ ഇറങ്ങാനുളള സാധ്യതയുളളതിനാല്‍ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. റേഡിയോ കോളര്‍ വഴി നിരീക്ഷണം ഉറപ്പ് വരുത്തുന്നുണ്ടെന്നും തമിഴ്‌നാട് വനാതിര്‍ത്തിയിലാണ് നിലവിലുളളതെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു.

Advertisment