അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിലിറങ്ങി; കൃഷി നശിപ്പിക്കാൻ ശ്രമം

New Update

publive-image

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപമാണ് കൊമ്പനിറങ്ങിയത്. കൃഷിയിടത്തിലിറങ്ങിയ ആനയെ നാട്ടുകാരും വനപാലകരും ചേർന്ന് തുരത്തുകയായിരുന്നു. ജനവാസ മേഖലയിൽ ആനയെത്തിയതോടെ തമിഴ്നാട് വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Advertisment

അതേസമയം മഴമേഘങ്ങളുളളതിനാൽ അരിക്കൊമ്പന്റെ ജിപിഎസ് കോളറിൽ നിന്ന് സി​ഗ്നൽ ലഭിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മേഖമല ടൈ​ഗർ റിസർവിന് സമീപം അരിക്കൊമ്പനെ കണ്ടെത്തിയിരുന്നു. ദിവസം ശരാശരി 40 കിലോമീറ്ററോളം ആന സഞ്ചരിക്കുന്നുണ്ട്. ആന ആരോ​ഗ്യവാനാണെന്നും അധികൃതർ അറിയിച്ചു.‌

ചിന്നക്കനാലിലേത് പോലെ വനത്തിനുള്ളിലൂടെ കൊമ്പന്‍ രാത്രി സഞ്ചാരമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം പെരിയാര്‍ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു അരിക്കൊമ്പനുണ്ടായിരുന്നത്. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പര്‍ മണലാര്‍ എന്നീ സ്ഥലങ്ങള്‍ക്ക് സമീപത്തുള്ള അതിര്‍ത്തിയിലെ വനമേഖലയിലൂടെ ഇരവങ്കലാര്‍ ഭാഗത്തെത്തിയെന്നും ഇവിടുത്തെ വനത്തിനുള്ളില്‍ അരിക്കൊമ്പന്‍ ഉള്ളതായി സിഗ്‌നല്‍ ലഭിച്ചിരിക്കുന്നതെന്നും വനംവകുപ്പ് അറിയിച്ചിരുന്നു.

ഈ ഭാഗത്തെ വനത്തില്‍ നിന്നും പുറത്തിറങ്ങിയ അരിക്കൊമ്പന്‍ മേഘമലയിലെ തേയിലത്തോട്ടത്തിലേക്കാണ് എത്തിയത്. ഈ മേഖലയില്‍ തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന് തമിഴ്‌നാട് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മംഗളദേവി ഉത്സവം നടക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടുതല്‍ വനപാലകരെ നിയോഗിച്ചിരുന്നു. ക്ഷേത്ര പരിസരത്തേക്ക് എത്തിയാല്‍ ആവശ്യമെങ്കില്‍ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ആയിരക്കണക്കിന് ഭക്തര്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഉത്സവത്തിന് എത്തുന്ന പശ്ചാത്തലത്തിലാണ് ആനയെ കൂടുതല്‍ നിരീക്ഷിക്കുന്നത്.

Advertisment