താനൂര്‍ ബോട്ട് അപകടം; ആളുകളെ കുത്തിനിറച്ച് പോയതാണ് അപകടത്തിന് കാരണമെന്ന് കെ പി എ മജീദ്

New Update

publive-image

മലപ്പുറം: താനൂര്‍ ബോട്ട് മറിഞ്ഞുണ്ടാ അപകടത്തിന് പ്രധാന കാരണം ആളുകളെ കുത്തിനിറച്ച് പോയതാണെന്ന് തിരൂരങ്ങാടി എംഎല്‍എ കെ പി എ മജീദ്. മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ 15 പേരെ കൊണ്ടുപോകേണ്ട ബോട്ടില്‍ ആളുകളെ കുത്തിനിറച്ചായിരുന്നു യാത്ര ചെയ്തതെന്ന് കെ പി എ മജീദ് വിമര്‍ശിച്ചു.

Advertisment

ഫേസ്ബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. 'ബോട്ട് പുറപ്പെടുമ്പോഴും ആളുകള്‍ ചാടിക്കയറി എന്നാണ് അറിഞ്ഞത്. വെളിച്ചം പോലുമില്ലാത്ത ബോട്ടിലാണ് ഇത്രയേറെ ആളുകളെ കൊണ്ടുപോയത്. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാത്ത ഇത്തരം ബോട്ട് സര്‍വ്വീസുകളെപ്പറ്റി നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അധികാരികള്‍ ഗൗനിച്ചില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്', എംഎല്‍എ അറിയിച്ചു.

മുസ്ലിംലീഗ് നേതാക്കള്‍ക്കൊപ്പം താലൂക്ക് ആശുപത്രിയിലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന്റെ പേരില്‍ മനുഷ്യരെ കുരുതികൊടുക്കുന്ന ഇത്തരം ക്രമക്കേടുകള്‍ നിയന്ത്രിക്കപ്പെടണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇനിയും ഇങ്ങനെയൊരു ദുരന്തം സംഭവിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ചികിത്സയില്‍ കഴിയുന്ന ഏഴ് പേരുടെ നില ഗുരുതരമാണ്. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പൂരപ്പുഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവല്‍ തീരം. അമിതഭാരമാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നതിലുണ്ടായ ഗുരുതര വീഴ്ച മരണസംഖ്യ ഉയരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. ബോട്ടിന്റെ സമയക്രമവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. വൈകിട്ട് അഞ്ച് മണിക്ക് ശേഷം സാധാരണ യാത്രാ ബോട്ടുകള്‍ സര്‍വീസ് നടത്താറില്ല. എന്നാല്‍ അപകടത്തില്‍പ്പെട്ട ബോട്ട് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് യാത്ര തിരിച്ചത്. ബോട്ടില്‍ എത്ര യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. 40 ടിക്കറ്റുകളെങ്കില്‍ വിറ്റിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കൃത്യമായി അറിയാത്തതിനാല്‍ തന്നെ ഇനി ആരെയെങ്കിലും കണ്ടെത്താനുണ്ടോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

Advertisment