/sathyam/media/post_attachments/dBHX1xjED6rSQqcd8sUQ.webp)
മലപ്പുറം: ബോട്ട് അപകടമുണ്ടായ താനൂര്‍ ഓട്ടുംപുറം തൂവല്‍ തീരത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് മന്ത്രി കെ രാജന്‍. സംഭവത്തില്‍ എല്ലാ വിധ അന്വേഷണവും ഉണ്ടാകുമെന്നും നാളെ ഇത്തരത്തിലൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 'നാടിനെ നടുക്കിയ ദുരന്തമാണ് ഉണ്ടായത്. അപകടത്തില്‍പ്പെട്ടത് സ്വകാര്യബോട്ടായതുകൊണ്ട് എത്ര യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന വിവരങ്ങള്‍ ലഭ്യമല്ല. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇനിയും ഒരാള്‍ പോലും ഇല്ലാതിരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. മരിച്ചവര്‍ ഉള്‍പ്പടെ 37 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. 22 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും അടിത്തട്ട് വരെ തിരച്ചില്‍ നടത്തുണ്ട്. ആരെയും കാണാതായതായി പരാതികള്‍ ലഭിച്ചിട്ടില്ല. സംസ്ഥാനതലത്തില്‍ തന്നെ പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. മുഖ്യമന്ത്രി എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. മന്ത്രിമാര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തുന്നുണ്ട്. ജില്ലാ ഭരണകൂടം, ഫയര്‍ഫോഴ്‌സ്, പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, എന്‍ഡിആര്‍എഫ്, നേവി എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രണ്ടാമത്തെ എന്‍ഡിആര്‍എഫ് സംഘവും എത്തും', മന്ത്രി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us