'ഡോക്ടറുടെ കൊലപാതകം അത്യധികം വേദനാജനകം'; അനുശോചിച്ച് മുഖ്യമന്ത്രി

New Update

publive-image

കൊല്ലം: യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

Advertisment

മുഖ്യമന്ത്രി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിയിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ വന്ദന കിംസ് ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആശുപത്രിയിലെത്തി.സംഭവത്തില്‍ വകുപ്പ് തല നടപടിയുണ്ടാവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നിയമപരമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് അധ്യാപകനാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത്.

നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനാണ് സന്ദീപ്. നിലവില്‍ സന്ദീപ് സസ്‌പെന്‍ഷനിലാണ്. ഇദ്ദേഹം ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ലഹരിയില്‍ ഇയാള്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയതോടെയാണ് വീട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.സംഭവത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചാകും പരിഗണിക്കുക. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

Advertisment