/sathyam/media/post_attachments/LsrVJquTQ5KGYcKWgPdC.webp)
കൊച്ചി: സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഓൺലൈൻ വഴി വിവാഹം നടത്തണമെന്ന ആവശ്യം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഹൈക്കോടതി 2021 സെപ്റ്റംബർ ഒൻപതിന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഓൺലൈൻ വിവാഹം നടത്താൻ മുമ്പ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പാലിക്കാനും നിർദേശിച്ചു. മാറിയസാഹചര്യത്തിൽ ഇൻഫർമേഷൻ ടെക്‌നോളജി നിയമവും കണക്കിലെടുത്തുവേണം സ്‌പെഷ്യൽ മാരേജ് ആക്ടിനെ സമീപിക്കേണ്ടതെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ വകുപ്പ് ആറ് ഇലക്‌ട്രോണിക് രേഖകൾ ഉപയോഗിക്കുന്നത് അംഗീകരിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.
സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ വധൂവരന്മാർ മാരേജ് ഓഫീസർ മുമ്പാകെ ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ. കോവിഡ് വ്യാപകമായതോടെ ഇതിൽ ഇളവുതേടി ഒട്ടേറെ ഹർജികൾ ഹൈക്കോടതിയിലെത്തി. ഇതിന് തുടർച്ചയായാണ് 2021 ൽ ഈ വ്യവസ്ഥയിൽ ഇളവുനൽകി ഓൺലൈൻ വഴി വിവാഹം നടത്താൻ അനുമതിനൽകിയത്.
ഓൺലൈൻ വഴിയുള്ള വിവാഹത്തിന്റെ സാക്ഷികൾ മാരേജ് ഓഫീസർ മുമ്പാകെ നേരിട്ട് ഹാജരാകണം. ഓൺലൈനിൽ ഹാജരാകുന്ന വധൂവരന്മാരെ സാക്ഷികൾ തിരിച്ചറിയണം. വിവാഹം നടത്തിക്കഴിഞ്ഞ് സർട്ടിഫിക്കറ്റ് നിയമപ്രകാരം നൽകണം. തുടങ്ങിയ നിർദ്ദേശങ്ങളും കോടതി മുന്നോട്ടുവച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us