ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെതിരേ രാജസ്ഥാൻ റോയൽസിന് ജയം. പഞ്ചാബ് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. ജയത്തോടെ 14 പോയിൻറുമായി രാജസ്ഥാൻ മുംബൈ ഇന്ത്യൻസിനെ പിൻതള്ളി അഞ്ചാം സ്ഥാനത്തെത്തി.
ജയ്സ്വാൾ(36 പന്തിൽ 50), പടിക്കൽ(30 പന്തിൽ 51) എന്നിവരുടെ അർദ്ധ സെഞ്ചുറിയുടെ ബലത്തിലാണ് രാജസ്ഥാൻ ജയം സ്വന്തമാക്കിയത്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ രണ്ടു പന്ത് ബാക്കി നിൽക്കെയാണ് രാജസ്ഥാൻ ലക്ഷ്യം മറികടന്നത്. ഷിമ്രോൺ ഹെറ്റ്മെയറുടെ(28 പന്തിൽ 46) മികച്ച പ്രകടനവും രാജസ്ഥാന് നിർണായകമായി. ജോസ് ബട്ട്ലർ പൂജ്യത്തിന് പുറത്തായി. നായകൻ സഞ്ജു സാംസൺ വീണ്ടും നിരാശനാക്കി.പഞ്ചാബിനായി റബാഡ 2 വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ ജിതേശ് ശർമ (28 പന്തിൽ 44), സാം കറൻ (31 പന്തിൽ 49), ഷാരൂഖ് ഖാൻ (23 പന്തിൽ 41) എന്നിവരാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റുകൾ പഞ്ചാബിന് നഷ്ടമായി. ഇതിൽ മൂന്നും വീഴ്ത്തിയത് നവ്ദീപ് സൈനിയാണ്.
രണ്ടാം പന്തിൽ തന്നെ പ്രഭ്സിമ്രാൻറെ (2) വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. ബോൾട്ടിന് റിട്ടേൺ ക്യാച്ച് നൽകിയാണ് പ്രഭ്സിമ്രാൻ മടങ്ങുന്നത്. പിന്നാലെ ക്രീസിൽ ശിഖർ ധവാനൊപ്പം ചേർന്ന അഥർവ തൈഡെ (19) ആക്രമിച്ച് കളിച്ചു. 36 റൺസാണ് ഇരുവരും കൂട്ടിചേർത്തത്. എന്നാൽ സൈനിയെ പുൾ ചെയ്യാനുള്ള ശ്രമത്തിൽ തൈഡെ മടങ്ങി. ആറാം ഓവറിൽ ധവാനും (17) പവലിയനിൽ തിരിച്ചെത്തി. സാംപയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു ധവാൻ.
ലിയാം ലിവിംഗ്സ്റ്റണിനെ (9) സൈനി ബൗൾഡാക്കിയതോടെ നാലിന് 50 എന്ന നിലയിലായി പഞ്ചാബ്. എന്നാൽ ജിതേഷ്- കറൻ സഖ്യം രക്ഷാ പ്രവർത്തനം ആരംഭിച്ചു ഇരുവരും 64 റൺസ് കൂട്ടിചേർത്തു. എന്നാൽ ജിതേഷിനേയും കുടുക്കി സൈനി കൂട്ടുകെട്ട് പൊളിച്ചു. അവസാന ഓവറുകളിൽ കറൻ- ഷാരൂഖ് സഖ്യം കത്തിക്കയറിയതോടെ സ്കോർ 180 കടന്നു. ഇരുവരും 73 റൺസ് കൂട്ടിചേർത്തു. അവസാന രണ്ട് ഓവറിൽ 46 റൺസാണ് സ്കോർബോർഡിൽ എത്തിയത്.