'സര്‍ക്കാര്‍ വാഹനങ്ങളുടെ കാലപരിധി നീട്ടിനല്‍കണം'; കേന്ദ്രത്തോട് കേരളം

New Update

publive-image
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിച്ചുനീക്കുന്നതിനുളള കാലപരിധി നീട്ടി നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം. സര്‍ക്കാര്‍ വാഹനങ്ങള്‍ 15 വര്‍ഷം കഴിഞ്ഞാല്‍ പൊളിച്ചുനീക്കണമെന്നാണ് നിലവിലെ നിര്‍ദേശം. എന്നാല്‍ 15 വര്‍ഷം കഴിഞ്ഞാണെങ്കിലും ഉപയോഗ്യശൂന്യമായ വാഹനങ്ങള്‍ പൊളിക്കുന്നത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണെന്നാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്.

Advertisment

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മന്ത്രി ആന്റണി രാജുവാണ് ആവശ്യം ഉന്നയിച്ചത്. തമിഴ്‌നാടും മറ്റ് ചില സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബസുകള്‍ പോലെയുളള വാഹനങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി റോഡില്‍ നിന്ന് മാറ്റുന്നത് പൊതു ഗതാഗത മേഖലയെ പ്രതിസന്ധിയിലാക്കും. കൂടാതെ മേല്‍പ്പറഞ്ഞ 15 വര്‍ഷത്തില്‍ കൊവിഡ് ലോക്ഡൗണ്‍ കാലയളവും ഉള്‍പ്പെടുന്നു എന്ന ആശങ്കയും അദ്ദേഹം കേന്ദ്ര മന്ത്രിയെ അറിയിച്ചു. സംസ്ഥാനങ്ങള്‍ ഉന്നയിച്ച ആവശ്യത്തിന് അനുയോജ്യമായ തീരുമാനമെടുക്കാമെന്ന് കേന്ദ്ര മന്ത്രി പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള ഒമ്പത് ഓട്ടോമാറ്റിക് വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷനുകള്‍ക്ക് കേന്ദ്ര നിയമത്തിലെ സ്ഥല പരിമിതി വ്യവസ്ഥയില്‍ ഇളവുനല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായും ആന്റണി രാജു പറഞ്ഞു. സ്‌ക്രാപ്പിങ് സെന്ററുകള്‍ സ്ഥാപിക്കാന്‍ ഓറഞ്ച് സോണ്‍ നിയന്ത്രണം എടുത്തുകളയുന്നത് പരിസ്ഥിതി മന്ത്രാലയവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും കേന്ദ്രം അറിയിച്ചു.

Advertisment