യുക്മയുടെ പരിശ്രമങ്ങള്‍ക്ക് കൂടിയുള്ള അംഗീകാരം… ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് "പെര്‍മനന്‍റ് റസിഡന്‍സി" അനുവദിക്കുവാന്‍ എംപിമാരുടെ നീക്കം…

New Update

publive-image

യുകെ: കോവിഡ് - 19 ഭീഷണിയില്‍ രാജ്യത്തോടൊപ്പം നിന്ന് പോരാടിയ ആരോഗ്യ മേഖലാ തൊഴിലാളികള്‍ക്ക് "ഓട്ടോമാറ്റിക് പെര്‍മനന്റ് റെസിഡന്‍സി" അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ബ്രിട്ടീഷ് എം.പിമാര്‍ രംഗത്തു വന്നിരിക്കുകയാണ്.

Advertisment

രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 37 എം.പിമാര്‍ ഒപ്പിട്ട നിവേദനം കേന്ദ്ര പാര്‍ലമെന്ററി കാര്യ ചുമതലയുള്ള സെക്രട്ടറി ജേക്കബ് റീസ് മോഗിന് സമര്‍പ്പിച്ചുകഴിഞ്ഞു. ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാര്‍ ആരുംതന്നെ നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

യു.കെയിലേയ്ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കുടിയേറിയ മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന നീക്കമാണിത്.

നേഴ്‌സിംഗ് മേഖലയിലെ തൊഴിലാളികളെ പൊതുമേഖലാ ജീവനക്കാര്‍ക്കാരുടെ ശമ്പള വര്‍ദ്ധനയില്‍ നിന്നും പാടെ അവഗണിച്ച ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട്‌ കഴിഞ്ഞ ഏതാനും മാസങ്ങളായി യുക്മ ദേശീയ തലത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് ഉള്ള അംഗീകാരമായി കൂടി യു.കെ മലയാളി സമൂഹം ഇതിനെ നോക്കിക്കാണുകയാണ്.

നോര്‍ത്ത് യോര്‍ക് ഷെയറിലെ റിച്ച്മണ്ടില്‍ നിന്നുള്ള എം.പിയും ബ്രിട്ടീഷ് ചാന്‍സിലറുമായ ഋഷി സുനാക്ക് യുക്മയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പയിനെ പ്രശംസിക്കുകയുണ്ടായത് പത്ര മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒന്‍പത് ലക്ഷത്തിലധികം വരുന്ന ഇതര പൊതുമേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച ബോറിസ് ജോണ്‍സന്‍ സര്‍ക്കാര്‍, കോവിഡ് - 19 പോരാട്ടത്തില്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ച് പോരടിച്ച ഒരു ലക്ഷത്തോളം വരുന്ന നേഴ്‌സിംഗ് ജീവനക്കാരെ അവഗണിച്ചത് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുക്മ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നേരിട്ട് നിവേദനങ്ങള്‍ സമര്‍പ്പിക്കുന്ന ക്യാമ്പയിന് തുടക്കമിട്ടത്.

വേതന വര്‍ദ്ധനവ് വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നതോടൊപ്പം, കോവിഡ് കാലത്ത് പുതുതായി യു.കെയിലെത്തിയ ആയിരക്കണക്കിന് നേഴ്‌സുമാര്‍ക്ക് കുടുംബത്തെയും മാതാപിതാക്കളെയും യു.കെയില്‍ കൊണ്ടുവരുന്നതിന് സഹായകരമാകും വിധം വിസാ നിയമങ്ങളില്‍ അടിയന്തിരമായി ഇളവ് അനുവദിക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും 2015 മുതല്‍ ഈടാക്കിയ എന്‍.എച്ച്.എസ് സര്‍ചാര്‍ജ് തിരികെ നല്‍കുക, പുതുതലമുറ നേഴ്‌സിംഗ് ജീവനക്കാരുടെ കോവിഡ് പോരാട്ടത്തിന് അംഗീകാരമായി നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റ് "ഓട്ടോമാറ്റിക് പെര്‍മനന്റ് റെസിഡന്‍സി" ആയി മാറ്റുക എന്നീ ആവശ്യങ്ങളാണ് യുക്മ ദേശീയ കമ്മറ്റി പ്രാദേശീക എം.പിമാര്‍ക്കുമുന്നില്‍ പ്രധാനമായും അന്ന് സമര്‍പ്പിച്ചിരുന്നത്.

യുക്മയുടെ നേതൃത്വത്തില്‍ നടന്ന എംപിമാര്‍ക്ക് നിവേദനം നല്‍കുന്നതിനായുള്ള കാമ്പയ്നില്‍ പങ്കെടുത്തത് 480 വ്യത്യസ്ത്യ പാര്‍ലമന്റ് മണ്ഡലങ്ങളില്‍ താമസിക്കുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മലയാളി ആരോഗ്യപ്രവര്‍ത്തകരാണ്.

ബ്രിട്ടണില്‍ ആകെയുള്ള 650 എംപിമാരില്‍ 480 പേരിലേയ്ക്കും അതത് മണ്ഡലങ്ങളില്‍ താമസിക്കുന്നവരെക്കൊണ്ട് തന്നെ നിവേദനം നല്‍കുവാന്‍ സാധിച്ചുവെന്നുള്ളത് യുക്മയുടെ നേട്ടമാണ്. ഇതിനായി സഹകരിച്ച എല്ലാവര്‍ക്കും യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, കാമ്പയിന്‍ മാനേജര്‍ എബി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രത്യേക നന്ദി രേഖപ്പെടുത്തി.

യുക്മയുടെ ദേശീയ ഭാരവാഹികള്‍, റീജിയണല്‍ ഭാരവാഹികള്‍, നഴ്സസ് ഫോറം നേതാക്കള്‍ മറ്റ് പോഷകസംഘടനാ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇത്രയധികം എം.പിമാരിലേയ്ക്ക് നിവേദനം അവരുടെ വോട്ടര്‍മാരായ മലയാളി ആരോഗ്യപ്രവര്‍ത്തകരിലൂടെ സമര്‍പ്പിക്കുവാന്‍ സാധിച്ചത്.

-സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

uukma
Advertisment