വി-ഗാര്‍ഡ് വരുമാനത്തില്‍ 32 ശതമാനം വര്‍ധന

New Update

publive-image

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിൽ ഏകീകൃത അറ്റ വരുമാനം 32 ശതമാനം വര്‍ധിച്ച് 835 കോടിയായി. മുന്‍ വര്‍ഷം ഇത് 632 കോടി രൂപയായിരുന്നു.

Advertisment

2020 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തിലെ ഏകീകൃത അറ്റാദായം 78.25 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 44.24 കോടി രൂപയില്‍ നിന്ന് 77 ശതമാനം വളര്‍ച്ചയാണ് ഈ പാദത്തിലുണ്ടായത്.

സ്റ്റെബിലൈസര്‍, വയര്‍, ഫാനുകള്‍, പമ്പ്, അടുക്കള ഉപകരണങ്ങള്‍, ഡിജിറ്റല്‍ യുപിഎസ് എന്നീ വിഭാഗങ്ങള്‍ ഈ പാദത്തില്‍ മികച്ച വില്‍പ്പന കാഴ്ചവച്ചു. മൂന്നാം പാദം തുടക്കത്തില്‍ ഉല്‍പ്പാദനവും വിതരണവും കോവിഡ് പ്രതിസന്ധി മൂലം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍ വില്‍പ്പന മിതമായ വളര്‍ച്ചയെ നേടിയുള്ളൂ. വിവേകപൂര്‍ണ്ണമായ പ്രവര്‍ത്തന മൂലധന നിര്‍വഹണത്തിലൂടെ പണമൊഴുക്ക് ശക്തമായി തന്നെ തുടരുന്നു.

'മെച്ചപ്പെട്ട ഉപഭോക്തൃ പ്രതികരണം, ഉത്സവകാലം, അസംഘടിത മേഖലയില്‍ നിന്നുള്ള ഓഹരി നേട്ടം എന്നിവ ഈ പാദത്തില്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. ചരക്കു വില കുത്തനെ ഉയര്‍ന്നത് ആകെ മാർജിനിൽ നേരിയ ഇടിവുണ്ടാക്കി.

വരും മാസങ്ങളിലെ സ്ഥിതി അനുസരിച്ച് ഉചിതമായ വിലനിര്‍ണ്ണയ നടപടികള്‍ കൈക്കൊള്ളും. ഞങ്ങളുടെ വാണിജ്യ പങ്കാളികളുമായി ശക്തവും ആരോഗ്യകരവുമായ ബന്ധം തുടരുന്നു. പ്രത്യേകം ശ്രദ്ധയൂന്നിയ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ശക്തമായ പ്രതികരണവും വിശാലാടിസ്ഥാനത്തിലുള്ള വിപണിയുടെ തിരിച്ചുവരവും പരിഗണിക്കുനമ്പോള്‍ ഈ സാമ്പത്തിക വര്‍ഷം അവസാന പാദത്തിലും നല്ല പ്രകടനം കാഴ്ചവയ്ക്കാനാവുമെന്നാണ് പ്രതീക്ഷ,' വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

kozhi news v-guard
Advertisment