വി-ഗാര്‍ഡ് വരുമാനത്തിൽ 38 ശതമാനം വര്‍ധന

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, July 30, 2021

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2021 -22 സാമ്പത്തിക വര്‍ഷം ഒന്നാം പാദ വരുമാനത്തിൽ 38 ശതമാനം വര്‍ധനവ് നേടി. ജൂൺ 30 ന് അവസാനിച്ച കണക്കുകൾ പ്രകാരം 565.2 കോടിയാണ് മൊത്ത അറ്റവരുമാനം. മുന്‍ വര്‍ഷം ഇത് 408 കോടി രൂപയായിരുന്നു. 25.5 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ 3.6 കോടി രൂപയെ അപേക്ഷിച്ച് 602 % ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുൻ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് മൊത്ത വരുമാനത്തിൽ (ഗ്രോസ്സ് മാർജിൻ ) 3.8 % വളര്‍ച്ച കൈവരിച്ചു. ഇലക്ട്രിക്കല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ വിഭാഗങ്ങൾ ഈ പാദത്തില്‍ കരുത്തുറ്റ വളര്‍ച്ച രേഖപ്പെടുത്തി.

“കോവിഡ് -19 രണ്ടാം തരംഗത്തെ തുടർന്നുള്ള അടച്ചിടലുകൾ ഞങ്ങളുടെ ശക്തമായ പല വിപണികളേയും ബാധിച്ചു. ലോക്ക്ഡൗൺ സിക്കിമിലെ ഞങ്ങളുടെ നിർമ്മാണ യൂണിറ്റുകളെയും ബാധിച്ചു. പരിമിതികളുടെ പശ്ചാത്തലത്തിലും ഇലക്ട്രിക്കൽസ്, ഡ്യൂറബിൾസ് വിഭാഗങ്ങളിൽ നല്ല പ്രവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞു. ഉല്‍പ്പാദന ചെലവ് വർധിക്കുന്നത് വെല്ലുവിളിയായി തുടരുന്നു. ഇത് വലിയൊരളവില്‍ മറികടക്കാന്‍ കഴിഞ്ഞെങ്കിലും ഇതുണ്ടാക്കുന്ന സമ്മര്‍ദ്ദം തുടര്‍ന്നേക്കും,” വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

×