പെരുമ്പാവൂര്‍; ബലാത്സംഗ കേസിലെ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോള്‍ പെരുമ്പാവൂരിലെ എംഎല്‍എയുടെ ഓഫീസില്‍ ലഡു വിതരണം ചെയ്തിനെ പരിഹസിച്ച് കെ. മുരളീധരന്‍. ലഡു വിതരണമൊക്കെ അന്തിമ വിധി കഴിഞ്ഞിട്ടാകുന്നതാണ് നല്ലതെന്ന് മുളീധരന്‍ പരിഹസിച്ചു. കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കെപിസിസി നടപടി വൈകിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
അതിനിടെ മുരളീധരന്റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. എംഎല്‍എ ഓഫീസിലെ ലഡു വിതരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജാമ്യം ലഭിച്ചതിലെ സന്തോഷം കാരണമാകും ലഡു വിതരണം നടത്തിയതെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും സതീശന്‍ പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പാര്‍ട്ടി നടപടി ഇന്ന് പ്രഖ്യാപിക്കും. ജാമ്യം ലഭിച്ചതും വിശദീകരണവും പരിഗണിച്ചായിരിക്കും നടപടിയെന്നും സതീശന്‍ വ്യക്തമാക്കി.
ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ പെരുമ്പാവൂരില്‍ മടങ്ങിയെത്തി. കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് എല്‍ദോസ് പെരുമ്പാവൂരിലെ വീട്ടില്‍ മടങ്ങിയെത്തിയത്. താന്‍ ഒളിവില്‍ പോയതല്ലെന്നും കോടതിയ്ക്ക് മുന്നില്‍ തന്റെ അപേക്ഷ ഉണ്ടായിരുന്നെന്നും എല്‍ദോസ് പറഞ്ഞു.
ഞാന്‍ നിപരാദിയാണ്. കെപിസിസിക്ക് വിശദീകരണം നല്‍കി. കെപിസിസി പ്രസിഡന്‍റിനെ കോടതിയില്‍ വിളിച്ച് സംസാരിച്ചു. പാര്‍ട്ടിക്ക് എന്ത് നടപടിയും സ്വീകരിക്കാം. ഒരു ജീവിയപ്പോലും ഉപദ്രവിച്ചിട്ടില്ല. കോടതിയില്‍ പരിപൂര്‍ണ്ണവിശ്വാസമുണ്ട്. നിലപാട് കോടതിയോട് പറഞ്ഞിട്ടുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു.