വാക്സിനേഷൻ പൂർത്തിയായവർക്കു മാസ്ക്കില്ലാതെ വീടുകളിൽ ഒത്തുചേരാം, സിഡിസി

New Update

വാഷിങ്ടൻ ∙ കൊറോണ വൈറസിനെതിരെ വാക്സിനേഷൻ പൂർത്തീകരിച്ചവർക്കു മാസ്ക്കില്ലാതെ ചെറിയ സംഘങ്ങളായി ഒത്തുചേരാമെന്നു സിഡിസി (സെന്റർ ഫോർ ഡിസീസ് കണട്രോൾ) ഡയറക്ടർ റോച്ചിലി വലൻസ്ക്കി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisment

publive-image

വീടുകളിൽ ഒത്തുചേരുന്നതിനു തടസ്സമില്ലെങ്കിലും പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുന്നതിനും സാമൂഹിക അകലം സൂക്ഷിക്കുന്നതിനും തയാറാകണമെന്നും ഡയറക്ടർ പറഞ്ഞു. വാക്സിനേഷൻ പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും ദീർഘയാത്ര ഒഴിവാക്കുന്നതാണു നല്ലതെന്നും അദ്ദേഹം ഉപദേശിച്ചു.

കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിക്കുന്നവരുടേയും മരണനിരക്കും ഗണ്യമായി കുറഞ്ഞിട്ടുള്ളത് പൂർണ്ണമായും വൈറസ് മാറി പോയി എന്നതിന്റെ ലക്ഷണമല്ലെന്നും വൈറസിനെതിരെ പൊതുജനം ഇനിയും ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. ക്രമേണ വ്യാപാര കേന്ദ്രങ്ങളും ഓഫിസുകളും തുറന്നു പ്രവർത്തിക്കുന്നതിനു കഴിയുമെന്നു പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് 10 മുതൽ (ബുധനാഴ്ച) സംസ്ഥാനത്ത് മാസ്ക്ക് മാൻഡേറ്റ് പൂർണ്ണമായും അവസാനിപ്പിക്കുന്നതായി ഗവർണർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഗവർണറുടെ ഉത്തരവിനെതിരെയും അനുകൂലിച്ചും നിരവധി സംഘടനകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. ഒരു വർഷമായി അടഞ്ഞു കിടന്നിരുന്ന ദേവാലയങ്ങളിൽ മാർച്ച് 10 മുതൽ വീണ്ടും ആരാധനകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണു ചുമതലക്കാരും വൈദികരും.

vaccination report
Advertisment