കൊച്ചി/ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയും സിപിഐഎം പ്രവര്‍ത്തകനുമായിരുന്ന വിഷ്ണുവിനെ വെട്ടിക്കൊന്ന കേസില്‍ 13 ആര്‍എസ്എസ് പ്രര്‍ത്തകരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. കേസിലെ പ്രതികളായ 12 പേര്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് 3 വര്‍ഷം തടവും വിധിച്ച തിരുവനന്തുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ശിക്ഷ ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. 2008-ലാണ് വിഷ്ണു കൊല്ലപ്പെടുന്നത്. നിരവധി കേസുകളിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണു. സംഭവത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ആരോ പടക്കം എറിഞ്ഞിരുന്നു. ഇത് ചെയ്തത് വിഷ്ണുവാണോ എന്ന സംശത്തിലാണ് വിഷ്ണുവിനെ ആക്രമിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
വിഎസ് അച്യുതാന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് കൊലപാതകം നടന്നത്. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കിയായിരുന്നു കേസെടുത്തത്. പ്രതിയാക്കപ്പെട്ടവരില്‍ മണ്ണന്തല സ്വദേശി രഞ്ജിത്തിനെ സിപിഐഎമ്മുകാര്‍ പിന്നീട് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.