രണ്ടാമൂഴത്തില്‍ പടുകൂറ്റന്‍ പരിചയുമായി വിഡി സതീശന്‍

author-image
സത്യം ഡെസ്ക്
New Update

-മെഹ്മൂദ് പി കെ

Advertisment

publive-image

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമേറ്റ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് വിരാമമിട്ടിരിക്കുന്നു. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പ് കളിക്ക് ശ്രമിച്ചെങ്കിലും അതിനൊന്നും വഴങ്ങാതെ ഹൈക്കമാന്റ് പറവൂര്‍ എംഎല്‍എ വിഡി സതീശനെ തെരഞ്ഞെടുത്തിരിക്കുന്നു.

ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് നിയമസഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസിന്റെ മൂര്‍ച്ചയേറിയ ആയുധമായിരുന്നു വിഡി സതീശന്‍. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോഴും കോണ്‍ഗ്രസില്‍ കലാപക്കൊടിയായിരുന്നു. തലമുറ മാറ്റം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്റെ പോഷക സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ഈ ആവശ്യം ശക്തമായി യുവനേതാക്കള്‍ ഹൈക്കമാന്റിനെ നിരന്തരം അറിയിക്കുകയും കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ നിന്ന് കുതിച്ചുയരാന്‍ അത് സഹായകമാവുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗ്രൂപ്പ് മൂപ്പന്മാര്‍ തലങ്ങും വിലങ്ങും സതീശന്റെ വരവിനെ എതിര്‍ത്തെങ്കിലും യുവനേതാക്കന്മാരുടെ ആവശ്യത്തിനാണ് പ്രസക്തിയുള്ളതെന്ന് മനസ്സിലാക്കിയ ഹൈക്കമാന്റ് അവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു.

മൂപ്പന്മാര്‍ പറഞ്ഞത് ഗ്രൂപ്പിന്റെ നിലനില്‍പിന് മാത്രമേ സഹായിക്കുകയുള്ളൂ, എന്ന് മനസ്സിലാക്കിയ ഭൂരിഭാഗം എംഎല്‍എമാരും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി ഹൈക്കമാൻഡിൻ്റെ മുമ്പില്‍ മനസ്സ് തുറക്കുകയായിരുന്നു.

സതീശന്റെ വരവ് ഗ്രൂപ്പ്‌സമവാക്യങ്ങള്‍ അവസാനിപ്പിക്കാന്‍ സഹായമാകുമെന്ന വിലയിരുത്തലാണ് ഹൈക്കമാൻഡിനുള്ളത്. എന്നാല്‍ ഇതേ ഉദ്ദേശത്തോടെയായിരുന്നു കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് മുല്ലപ്പള്ളി രാമചന്ദനെ കൊണ്ടുവന്നപ്പോഴും ഹൈക്കമാന്റ് വിലയിരുത്തിയിരുന്നത്.

എന്നാല്‍ ആ വിലയിരുത്തലുകള്‍ക്കപ്പുറം ഗ്രൂപ്പുകള്‍ കൂടുതല്‍ ശക്തിപ്പെടുകയും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്തു. തനിയാവര്‍ത്തനം നടന്നാല്‍ കോണ്‍ഗ്രസ് വീണ്ടും തകരും. കൂടുതല്‍ നേതാക്കന്മാരും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ഇടതു - ബിജെപി ചേരികളിലേക്കു നീങ്ങും.

അതിനപ്പുറം പുതിയ ഗ്രൂപ്പിന്റെ ഈ നീക്കം തുണയാകുമോ എന്നതും ഹൈക്കമാൻഡ് കാണേണ്ടതാണ്. ഗ്രൂപ്പ് മുക്ത കോണ്‍ഗ്രസ് എന്നത് സ്വപ്‌നത്തില്‍ പോലും കാണാനാവാത്തതാണ്. കാലത്തിനനുസരിച്ച് ഗ്രൂപ്പിന്റെ നേതാക്കന്മാര്‍ മാറി വരുമെന്ന് മാത്രം. അതല്ലെങ്കില്‍ പുതിയ ഗ്രൂപ്പുകളുടെ തുടക്കമാവും.അതായത് എ, ഐ ഗ്രൂപ്പിന്റെ മൂപ്പന്മാരായി പുതിയ തലമുറ വരും.

സതീശന്റെ വരവിനെ പരിപൂര്‍ണമായി നിരാകരിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ഒരുമിച്ച് ശ്രമിച്ചെന്ന വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അത്തരം നീക്കങ്ങള്‍ നേതാക്കന്മാര്‍ക്കുണ്ടായിരുന്ന ജനസമ്മിതി നഷ്ടപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. അത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി ഉമ്മന്‍ചാണ്ടി പ്രസ്താവന ഇറക്കിയെങ്കിലും അതിനൊന്നും യുവനേതാക്കന്മാരും പ്രവര്‍ത്തകരും വില കല്‍പിച്ചില്ല.

പഴയ രാഷ്ട്രീയ സമീപനമല്ല ഇപ്പോള്‍ ജനങ്ങള്‍ക്കുള്ളത്. സാമൂഹിക മാധ്യമങ്ങളുടെ വളര്‍ച്ച ജനാധിപത്യബോധം വളരാനും അരുതായ്മകളെ തുറന്നുകാണിക്കാനും കാരണമായി. എന്നിട്ടും മാറാത്ത നേതൃത്വത്തിന് പുല്ലുവിലയാണ് ജനങ്ങള്‍ കല്‍പ്പിക്കുന്നത്.

സൈബര്‍ യുഗം പരമ്പരാഗത രീതികളെ താലോലിക്കാറില്ല. വിരമിക്കേണ്ടവര്‍ സ്വയം വിരമിച്ചില്ലെങ്കില്‍ ജനം വീട്ടിലിരുത്തുന്ന കാലമാണിത്. രണ്ടാം പിണറായി സര്‍ക്കാറിനെ സതീശന്റെ കീഴിലുള്ള യുഡിഎഫ് എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.

voices
Advertisment