തിരുവനന്തപുരം: പ്രശസ്ത സംവിധായിക മേഘ്‌ന ഗുല്‍സാറിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയ്ക്ക് ദായ്‌റ എന്നാണ് പേരിട്ടിരിക്കുന്നത്. കരീനയും പൃഥ്വിയും ഈ സിനിമയുടെ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. റാസി, ഛപക്, സാം ബഹാദൂര്‍ സിനിമകളുടെ സംവിധായികയാണ് മേഘ്ന ഗുല്‍സാര്‍.
'ഹിന്ദി സിനിമയില്‍ 25 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍, മേഘ്‌ന ഗുല്‍സാറിനൊപ്പം അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. തല്‍വാര്‍ മുതല്‍ റാസി വരെയുള്ള അവരുടെ സിനിമകള്‍ ഞാന്‍ ഏറെ ഇഷ്ടത്തോടെയാണ് നോക്കികണ്ടത്. പ്രതിഭാധനനായ പൃഥ്വിരാജിനൊപ്പം സഹകരിക്കാനുള്ള അവസരവും ഒരു ഹൈലൈറ്റാണ്,' എന്ന് കരീന കുറിച്ചു.
കരീന കപൂര്‍, സംവിധായിക മേഘ്‌ന എന്നിവര്‍ക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണിത്. ചിത്രം പൃഥ്വിരാജ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാകും എത്തുക എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ അഭിനയിക്കാനായി ആയുഷ്മാന്‍ ഖുറാന, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരെ പരിഗണിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.