തിരുവനന്തപുരം: സിനിമ, ഷോര്‍ട് ഫിലിം, ഡോക്യുമെന്ററി, മ്യൂസിക് ആല്‍ബം, റീല്‍സ്, കവര്‍ സോങ്, ബെസ്റ്റ് ടീച്ചര്‍ തുടങ്ങി ഇരുപതിലേറെ വിഭാഗങ്ങളിലായി സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാഡമി നടത്തിയ ആറാമത് എഡിഷന്‍ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ സമ്മാനിച്ചു.
സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാഡമി സെക്രട്ടറി ഡോ.ആര്‍. എസ് പ്രദീപ് സ്വാഗതം ആശംസിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
/sathyam/media/media_files/2024/11/21/Gr4Gm8Jo3aKnIhi13ryo.jpg)
മുന്‍മന്ത്രിയും എം.പിയുമായിരുന്ന കെ.മുരളിധരന്‍ മുഖ്യ പ്രഭാഷണം നടത്തി. പുരസ്‌കാര വിതരണത്തിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് നിര്‍വ്വഹിച്ചു.
മുന്‍മന്ത്രി എന്‍.ശക്തന്‍, ഗായകന്‍ ജി.വേണു ഗോപാല്‍, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പാളയം രാജന്‍, ചലച്ചിത്ര അക്കാഡമി മുന്‍ സെക്രട്ടറി മഹേഷ്പഞ്ചു, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി പി.എസ്. മനേക്ഷ്, നടന്‍ വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സംവിധായകനും തിരക്കഥാകൃത്തും നടനുമായ പ്രവീണ്‍ ഇറവങ്കര, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ഉഴമലയ്ക്കല്‍ വേണുഗോപാല്‍, സിനിമാ, സീരിയല്‍ നടന്‍ ശ്രീകാന്ത് ടി ആര്‍ നായര്‍, നടി ഉമാനായര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
150 ലേറെ മത്സരവിജയികള്‍ക്ക് അവാര്‍ഡ് ശില്പവും പ്രശസ്തിപത്രവും വ്യക്തികള്‍ സമ്മാനിച്ചു. ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിജയികളായവര്‍ അവാര്‍ഡ് നേരിട്ട് സ്വീകരിക്കാന്‍ എത്തിയിരുന്നു.
ഉദ്ഘാടന ചടങ്ങിന് മുമ്പായി മത്സരിച്ച് അവാര്‍ഡ് നേടിയ ഷോര്‍ട്ട് ഫിലിമുകളുടെയും മ്യൂസിക്കല്‍ വീഡിയോയുടെയും ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനവും നിറഞ്ഞ സദസില്‍ നടന്നു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഗോപന്‍ ഭാവന നന്ദി പറഞ്ഞു.