കടുത്തുരുത്തി : ടോവിനോ തോമസ് നായകനായ എ.ആര്‍.എം. സിനിമയില്‍ വൈക്കം വിജയലക്ഷ്മി ആലപിച്ച അങ്ങു വാനകോണില്‍...എന്ന ഗാനം ക്ലാസ് മുറിക്കുള്ളില്‍ പാടിസാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറിയ അതുല്യ പ്രശാന്ത് വൈക്കം വിജയലക്ഷമിയുടെ അനുഗ്രഹം തേടിയെത്തി.
ഒരു മിനിറ്റിനടുത്തു സമയം ദൈര്‍ഘ്യമുള്ള പാട്ടിന്റെ വീഡിയോയാണു വൈറലായത്. ഒരാഴ്ച കൊണ്ട് ഒരു കോടിയോളം ആളുകളാണു സോഷ്യല്‍ മീഡിയാല്‍ ഈ ഗാനം ആസ്വദിച്ചത്. കടുത്തുരുത്തി സെയ്ന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അതുല്യ പ്രശാന്ത്.
സ്‌കൂളിലെ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും മറ്റുള്ളവരുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ആറു മില്യണ്‍ ആളുകള്‍ അതുല്യയുടെ പാട്ട് ആസ്വദിച്ചുകഴിഞ്ഞു. അതുല്യയുടെ പാട്ട് ഇതിനോടകം വൈക്കം വിജയലക്ഷ്മി കേട്ടിരുന്നു.
വൈക്കം വിജയലക്ഷ്മിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയ അതുല്യയെ വൈക്കം വിജയലക്ഷ്മി അനുഗ്രഹിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു ഗാനങ്ങള്‍ പാടി.
വൈക്കം വിജയലക്ഷ്മിയുടെ വ്യക്തിപരവും, തൊഴില്‍പരവുമായ അനുഭവങ്ങളുടെ പങ്കുവെക്കലുകള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അറിവ് പകര്‍ന്നു നല്‍കുന്നതും പ്രചോദനം പകരുന്നതും ആയിരുന്നു.
സ്‌കൂള്‍ പ്രധാന അധ്യാപിക സുജാമേരി തോമസിന്റെ നേതൃത്വത്തിലാണ് അതുല്യയുടെ മാതാപിതാക്കളും പുറപ്പെട്ടത്.
സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി സി.ജെ ബിജു, അധ്യാപകരായ ജിനോ തോമസ്, നിമിഷാ മുരളി, കെ.ആര്‍ രാഹുല്‍ ദാസ്, മാത്യൂസ് ജോര്‍ജ്, എന്നിവരും അതുല്യയുടെ അമ്മ മഞ്ജുവും, സഹോദരി അലെഹ്യയും, മറ്റു കുടുംബാംഗങ്ങളും സന്ദര്‍ശനത്തില്‍ പങ്കാളികളായി. സ്‌കൂളിലെ സംഗീത അധ്യാപിക നിമിഷാ മുരളിയാണ് അതുല്യയുടെ ഗാനം സോഷ്യല്‍ മീഡിയായില്‍ പങ്കുവച്ചത്.
മേസ്തരിപ്പണിക്കാരനായ മധുരവേലി കട്ടപ്പുറം വീട്ടില്‍ പ്രശാന്തിന്റെയും തയ്യല്‍ക്കാരിയായ മഞ്ജുവിന്റെയും മൂത്തമകളാണ് അതുല്യ. സംഗീതം പഠിച്ചിട്ടില്ല, ഇഷ്ടപ്പെട്ട പാട്ട് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് എഴുതിയെടുത്ത് പഠിച്ചെടുക്കുമെന്ന് അതുല്യ പറഞ്ഞു.
കഴിഞ്ഞ 26ന് സംഗീത ക്ലാസിനിടെ സംഗീത അധ്യാപികയായ നിമിഷ മുരളി ഇഷ്ടപ്പെട്ട പാട്ട് പാടാന്‍ അതുല്യയോട് ആവശ്യപ്പെട്ടു. കുട്ടിയുടെ ശബ്ദത്തിന്റെ പ്രത്യേകതയും പാടിയതിന്റെ ആകര്‍ഷണീയതയും ശ്രദ്ധയില്‍പ്പെട്ട നിമിഷ മൊബൈല്‍ഫോണില്‍ വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നു.
ആദ്യം വീഡിയോ പോസ്റ്റ് ചെയ്ത നിമിഷയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കുകയായിരുന്നു. വൈക്കം വിജയലക്ഷ്മി, സിനിമയില്‍ പാട്ടിന്റെ രംഗത്ത് അഭിനയിച്ച സുരഭി ലക്ഷ്മി, സിനിയുടെ സംവിധായകന്‍ ജിതിന്‍ ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പാട്ടു കേട്ട് അഭിപ്രായങ്ങള്‍ പങ്കുവെച്ച് അതുല്യയെ അഭിനന്ദിച്ചിരുന്നു. വീഡിയോ വൈറലായതിന്റെ സന്തോഷത്തിലാണ് അതുല്യയും കൂട്ടുകാരും ബന്ധുക്കളും അധ്യാപകരും.