/sathyam/media/post_attachments/K3UUYBxQXc09Mfc6KREj.jpg)
കല്ലടിക്കോട്: 'മാസ്റ്റർ' റിലീസ് കൊണ്ടാടുവാൻ വിജയ് ആരാധകർ രാവിലെ എട്ട് മണിക്ക് മുമ്പേ
കല്ലടിക്കോട് ബാലാസ് മൾട്ടിപ്ലക്സിലുമെത്തി. തിയേറ്ററിന് മുമ്പില്‍ ടിക്കറ്റെടുക്കാന്‍ കൂടിനില്‍ക്കുന്ന വിജയ് ആരാധകര്‍ ജയ് വിളിച്ചും പാലഭിഷേകം നടത്തിയും ആഹ്ളാദം പങ്കിട്ടു.
മാസ്റ്റർ സിനിമയുടെ ടിക്കറ്റ് മുൻകൂട്ടി വാങ്ങുന്നതിനും ആദ്യ ഷോ കാണുന്നതിനും ആരാധകർ പുലർച്ചെ തന്നെ തിയേറ്റർ കോംപ്ലക്സ് കയ്യടക്കുകയായിരുന്നു. ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. ആരാധകരിൽ ബഹുഭൂരിപക്ഷവും യുവാക്കളായിരുന്നു.
കോവിഡിനു മുമ്പും ശേഷവുമായി എഴുപതോളം സിനിമകളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. എന്നാൽ ആളില്ലാത്ത തിയേറ്ററുകളിലേക്ക് ഇതിൽ ഭൂരിഭാഗം സിനിമകളും എത്തിക്കാൻ വിതരണക്കാർക്കും താത്പര്യമുണ്ടായിരുന്നില്ല. പത്ത് മാസങ്ങള്‍ക്കിപ്പുറമാണ് തീയേറ്ററുകളിലേക്ക് വീണ്ടും സിനിമാപ്രേമികള്‍ കൂട്ടമായെത്തുന്നത്.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തീയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യദിന പ്രദര്‍ശനങ്ങള്‍ എക്കാലവും ഹൗസ്‍ഫുള്‍ ആക്കാറുള്ള വിജയ് ചിത്രം തന്നെ റിലീസിന് ലഭിച്ചത് തീയേറ്റര്‍ ഉടമകൾക്കും അനുഗ്രഹമായി. കോവിഡ് കാല അടച്ചിടലിൽ തിയേറ്ററിൽ ഡിജിറ്റൽ സംവിധാനവും സൗണ്ട് സിസ്‌റ്റവും കേടാവാതിരിക്കാൻ ദിവസവും ഇവ പ്രവർത്തിപ്പിച്ചിരുന്നു.
സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പടെയുള്ളവരുടെ സേവനവും പരിപാലനവും ഉറപ്പ് വരുത്തി. 2020 മാർച്ച് 11നാണ് ബാലാസിൽ അവസാന പ്രദർശനം നടത്തിയത്. അയ്യപ്പനും കോശിയുമായിരുന്നു അന്നത്തെ പ്രദർശനം. രണ്ടു തീയേറ്ററുകളും പരിസരവും പൂർണ്ണമായി അണുവിമുക്തമാക്കിയ ശേഷമാണ് ഇന്ന് പ്രദർശനം തുടങ്ങിയത്.
ഒരു ദിവസം മൂന്ന്ഷോ വീതം നടക്കുന്ന ബാലാസിൽ ഓരോ പ്രദർശന ശേഷവും അണുവിമുക്തമാക്കിയ ശേഷമേ കാണികളെ കടത്തി വിടുന്നുള്ളൂ. പ്രതിരോധത്തിന്റെ ഭാഗമായി പ്രേക്ഷകർക്ക് കൈ കഴുകുന്നതിനും ഹാന്റ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനും പ്രത്യേക സൗകര്യമുണ്ട്.
സർക്കാർ തീരുമാനം വന്നയുടൻ തന്നെ തിയേറ്റർ പൂർണ്ണമായും പ്രത്യേകം അണുവിമുക്തമാക്കി. സർക്കാർ തീരുമാനത്തെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് ബാലാസ് മൾട്ടിപ്ലക്‌സ് ഉടമ കല്ലടിക്കോട് ശശികുമാർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിയേറ്ററിന്റെ പ്രവർത്തനം. പ്രേക്ഷകരിൽ ആവേശം സൃഷ്ടിക്കുന്ന മാസ് സീനുകൾ കൊണ്ട് സമ്പന്നമാണത്രെ മാസ്റ്റർ.