കൊച്ചി: നടന്‍ വിനായകനും മാധ്യമങ്ങളും തമ്മിലുള്ള തര്‍ക്കം കഴിഞ്ഞ ദിവസത്തെ വൈറല്‍ വാര്‍ത്തയായിരുന്നു. മീടുവിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് വിനായകനെ ചൊടിപ്പിച്ചത്. നിങ്ങളുടെ ഡയലോഗൊന്നും ഇങ്ങോട്ട് വേണ്ട എന്ന തരത്തില്‍ വിനായകന്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകരുമായി തര്‍ക്കമായി. മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ചു എന്ന കാരണം പറഞ്ഞായിരുന്നു മറ്റൊരു പ്രശ്‌നം.
താന്‍ അവരെയല്ല ഉദ്ദേശിച്ചതെന്നും, ഇതിന് മാപ്പുപറയുന്നുവെന്നും, എന്നാല്‍ താന്‍ അവരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ് തിരിച്ചെടുക്കുന്നുവെന്നും വിനായകന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ വിവാദങ്ങളിലെല്ലാം വിനായകന്‍ പ്രതികരിച്ചിരിക്കുകയാണ്. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ തുറന്ന് പറച്ചിലുകള്‍.
ഒന്നാമത്തെ പ്രശ്‌നം, താന്‍ പറയുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മനസ്സിലാവുന്നില്ലെന്ന് വിനായകന്‍ പറയുന്നു. ഞാന്‍ എന്താണ് പറഞ്ഞതെന്ന് ഇവര്‍ക്ക് വലിയ ഐഡിയ ഇല്ല. പിന്നെ വീഡിയോ കട്ട് ചെയ്ത് എഡിറ്റ് ചെയ്താണ് പുറത്തിറങ്ങുന്നത്. ഇതാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് അതിനോടും വലിയ താല്‍പര്യമില്ല. ഞാന്‍ കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞ് പോകും. അത് നിങ്ങള്‍ കട്ട് ചെയ്ത് വെക്കാന്‍ തുടങ്ങിയാല്‍ പറയുന്നത് തോന്നിവാസം പോലെ തോന്നും. കഴിഞ്ഞ തവണയുണ്ടായ പ്രശ്‌നങ്ങള്‍ അത് തെളിയിക്കുന്നുണ്ടെന്നും വിനായകന്‍ പറഞ്ഞു. പുറത്ത് നിന്ന് വരുന്ന സ്ത്രീകളോട് സംസാരിക്കാന്‍ തനിക്ക് ഭയമുണ്ടെന്നും വിനായകന്‍ വ്യക്തമാക്കി.
പക്ഷേ എന്റെ കൂടെയുള്ള സ്ത്രീകളോട് ആ പ്രശ്‌നമില്ല. എന്റെ കൂടെയുള്ള സ്ത്രീകള്‍ ഇപ്പോഴും എന്റെ കൂടെയുണ്ട്. ഇഷ്ടം പോലെ സ്ത്രീകളുണ്ടെന്നും വിനായകന്‍ പറഞ്ഞു. മീടുവിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. വിവാദങ്ങളൊന്നും എന്നെ ബാധിക്കാറില്ല. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഞാന്‍ രണ്ട് സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതി. ഒരു കാര്യത്തെ മാത്രമേ ഞാന്‍ ഭയക്കുന്നുള്ളൂ. അത് രാജ്യത്തെ നിയമവ്യവസ്ഥയാണ്. അതിനെ മാത്രമേ ബഹുമാനിക്കുന്നുള്ളൂ. എനിക്ക് മീടു എന്താണെന്ന് അറിയില്ല. കാരണം ഞാന്‍ ഉണ്ടാക്കിയ വാക്കല്ല അത്. ഞാനല്ലല്ലോ മീടു ചോദിച്ചത്, മാധ്യമപ്രവര്‍ത്തകരല്ലേ. എനിക്ക് അതിന്റെ ഉത്തരമറിയില്ല. അങ്ങനെയുള്ളപ്പോള്‍ ഞാന്‍ അതിനെ കുറിച്ച് എന്ത് പറയാനാണ്.
എല്ലാ സ്ത്രീകളും സ്ത്രീകളാണോ എന്നും വിനായകന്‍ ചോദിക്കുന്നു. അത് എന്താണ് ഉദ്ദേശിച്ചതെന്ന് അവതാരക ചോദിക്കുമ്ബോള്‍ അത് നിങ്ങള്‍ക്ക് മനസ്സിലായില്ല, അതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നായിരുന്നു വിനായകന്റെ മറുപടി. ഈ പടം എങ്ങനെ കാണണം എന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയാനാണ്. കണ്ണ് കൊണ്ട് കാണണം എന്ന് പറയും. ഇത്തരം ചോദ്യങ്ങളൊന്നും തനിക്ക് ഇഷ്ടമല്ല. ഞാന്‍ തന്നെ ഞാന്‍ ഭയങ്കരനാണ് എന്ന് പറയുന്നത് ശരിയല്ല. ഉള്ളിലുള്ള കാര്യങ്ങള്‍ അങ്ങനെ പറയാന്‍ പറ്റില്ല. കാരണം അത് നിങ്ങള്‍ക്ക് സിനിമയില്‍ അഭിനയിച്ചാലേ മനസ്സിലാവൂ. മറ്റുള്ള താരങ്ങള്‍ പറയുന്നത് പോലെ എന്റെ സിനിമ കാണണമെന്ന് വിനായകന്‍ ഒരിക്കലും പറയില്ലെന്നും താരം പറഞ്ഞു.
സിനിമയെ പറ്റി പറയുന്നവര്‍ക്കെതിരാണ് ഞാന്‍ എന്ന് പറയുന്നവര്‍ക്ക് എതിരാണ് വിനായകന്‍. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ കാണൂ എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. സിനിമ കൊള്ളില്ല എന്നൊക്കെ പറയുന്നവരുണ്ട്. അവര്‍ക്കൊന്നും ഞാന്‍ മറുപടി നല്‍കില്ല. എന്റെ തള്ളയ്ക്കും തന്തയ്ക്കും വരെ തെറി വിളിച്ചവരുണ്ട്. അവര്‍ക്കൊക്കെ മറുപടി കൊടുക്കാനാണോ ഞാന്‍ ഇവിടെയിരിക്കുന്നത്. വിട്ടുകള, നന്മ ചിന്തിക്കുക, നല്ലത് ചെയ്യുകയെന്നും വിനായകന്‍ പറഞ്ഞു. ദയവ് ചെയ്ത് നിങ്ങളൊന്നും ചോദിക്കാതിരിക്കുക. അതാണ് എനിക്ക് വേണ്ടത്. എനിക്ക് ഒന്നും പറയാനുമില്ല. എനിക്ക് നിങ്ങളോട് ഒന്നും പറയാനുമില്ല. നിങ്ങളെ കാണാന്‍ പോലും താല്‍പര്യമില്ലെന്നും വിനായകന്‍ പറഞ്ഞു.
നിങ്ങള് ചോദിക്കുന്നതെല്ലാം പൊട്ട ചോദ്യങ്ങളാണ്. പ്രേക്ഷകനോട് ഞാന്‍ എന്ത് പറയാനാണ്, നല്ലത് പോലെ ജീവിക്കണമെന്ന് മാത്രമാണ് പറയാനുള്ളതെന്നും വിനായകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മീടുവിനെതിരെയായിരുന്നു വിനായകന്‍ പൊട്ടിത്തെറിച്ചത്. ശാരീരിക പീഡനങ്ങളെ മീടു എന്ന പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്രയും വലിയ തെറ്റുകള്‍ ചെയ്യുന്ന എത്രയാളുകള്‍ ജയിലില്‍ പോയെന്നും വിനായകന്‍ ചോദിച്ചു. താനിതുവരെ ഒരു സ്ത്രീയെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിട്ടില്ലെന്നും വിനായകന്‍ പറഞ്ഞു. ഇന്ത്യയുടെ നിയമത്തില്‍ ഭീകരമായ ഒരു കുറ്റകൃത്യത്തെ മീടു എന്ന് പേരിട്ട് വിളിക്കുകയാണോ എന്നും വിനായകന്‍ ചോദിച്ചു.